Friday, March 19, 2021

നഷ്ടങ്ങൾ | Importance of School | Post Corona World

                                                                 

           അങ്ങനെ,  സൗഹൃദങ്ങൾ  പങ്കിടാതെ, കളി ചിരികളും, തമാശകളും ഇല്ലാതെ , അധ്യാപകരുടെ സാമിപ്യം ഇല്ലാതെ ഒരു അധ്യായന വർഷം കൊഴിഞ്ഞു പോയി... ഇതിനെ മറ്റൊരു ഭാഷയിൽ അവതരിപ്പിച്ചാൽ.. 

        സ്‌കൂൾ ബെല്ലിന്റെ അലോസരപ്പെടുത്തുന്ന ഒച്ചപ്പാടില്ലാതെ, സ്‌കൂളിന്റെ പടി ചവിട്ടാതെ, ക്ലാസ് മുറികളിലെ പേടിപ്പീരും പുറത്താക്കലും ഇല്ലാതെ ഒരു അധ്യായന വർഷം കഴിഞ്ഞു പോകുന്നു... എന്നും പറയാം ലെ?  

    ടീച്ചർമാരൊന്നും ഇല്ലാതെ തന്നെ ഞങ്ങളുടെ മക്കൾ പഠിച്ചു എന്ന് ഹുങ്ക് പറയുന്ന മാതാപിതാക്കളുണ്ട് നമ്മുടെ ഇടയിൽ ഒരുപാട്. എന്താണ്  sir  അവർ പഠിച്ചത് ? ച്യോദ്യോത്തരങ്ങളോ ? നാനാർത്ഥവും വിപരീതപദവും മനഃപാഠമാക്കിയതിന്റെ സൂചന അവർക്കു ഇനി അധ്യാപകരും വിദ്യാലയവും വേണ്ടന്നാണോ ? സംശയ നിവാരണത്തിന് അനന്തമായ ഓൺലൈൻ സാദ്ധ്യതകൾ ഒരിക്കലും ഒരു അധ്യാപകനും പകരം ആകില്ല... ഗൂഗിൾ മറ്റൊരു വിദ്യാലയമല്ല ! 

                    വേണ്ടതും വേണ്ടാത്തതും ഞൊടിയിടയിൽ പ്രത്യക്ഷപ്പെടുന്ന പേജുകളിൽ നമ്മുടെ പത്തു  വയസ്സുകാരൻ എങ്ങനെ അവനു വേണ്ടിയുള്ളതു തിരിച്ചറിയും ? കതിരും പതിരും അവൾ എങ്ങനെ അറിയും? കളകളെ വിളകളായി കണ്ടാൽ എന്താകും നാളെ അവർക്കു സംഭവിക്കുക? 

    വേവലാതി പെടുത്തുന്ന ചോദ്യങ്ങളിലൂടെ ആരെയും കുറ്റപ്പെടുത്തുന്നില്ല.... കഴിഞ്ഞ ഒരു വർഷം , ഇതേ മാർഗം ഉണ്ടായിരുന്നുള്ളു  അല്ലെങ്കിൽ ഏറ്റവും മികച്ച സാധ്യതയാണ് നമ്മൾ ഉപയോഗപെടുത്തിയത്. എന്നാൽ, ഇത് ശ്വാശതമാണോ? 

        നമ്മുടെ കുട്ടികൾ തോൽവികളെ അഭിമുഖീകരിക്കാൻ എങ്ങനെ പഠിക്കും? കളിയിൽ തോറ്റല്ലാതെ ! മൈതാനത്തു വീണിട്ടല്ലാതെ !  അപമാനങ്ങളെ അവൾ എങ്ങനെ നേരിടും , ക്ലാസ് മുറികളിൽ ഉത്തരം അറിയാതെ നിൽക്കുമ്പോഴും,  പഠിച്ച പ്രസംഗം സദസ്സിൽ മുന്നിൽ മറന്നു പോകുമ്പോഴും തെറ്റിപ്പോയ വരികൾക്ക് കൂട്ടുകാർ പരിഹസിക്കുമ്പോഴും അവർ അപമാനങ്ങളെ നേരിടാൻ പഠിക്കുകയാണ് ചെറു വേദനയോടെ!  അങ്ങനെ ഈ ലോകം അവർക്കായി കരുതുന്ന ഏതൊരു പരീക്ഷണത്തെയും ചെറുത്തു തോൽപ്പിക്കാൻ അവർ കരുത്ത് നേടും 

 എന്തെന്നാൽ തോറ്റ ഇടങ്ങളിൽ പിന്നീട്  അവർ ജയിച്ചിട്ടുണ്ട്  ...വീണ മൈതാനത്തിൽ നിന്ന് അവരെ കൂട്ടുകാർ ആഹ്ളാദത്തോടെ തോളിൽ ഏറ്റിയിട്ടുണ്ട്.. പരിഹസിച്ച ഇടങ്ങളിൽ നിന്ന് അവർ കരഘോഷം കേട്ടിട്ടുണ്ട്... അങ്ങനെ തോൽവികൾ അവസാനമല്ലെന്നു തിരിച്ചറിയുന്ന കുട്ടി ഒരിക്കലും കയറിലോ, ബ്ലേഡിലോ ചെന്നെത്തില്ല.  

കുട്ടികൾ തോൽക്കുമ്പോൾ , തർക്കിച്ചു   അവരെ ജയിപ്പിക്കുകയല്ല വേണ്ടത്,  അധ്യാപകർ അവരെ ശിക്ഷിക്കുമ്പോൾ ചൈൽഡ് ലൈനിൽ പരാതിപെടുകയല്ല വേണ്ടത്... 

വേദന ആത്മ ബലം പകരുന്ന ഔഷധമാണ്. അത് നിരാശയ്ക്കുള്ള വാക്‌സിനാണ്. 

    എന്തൊക്കെ പറഞ്ഞാലും ബാല്യം കരുത്തുള്ളതാകുന്നത് പാലും മുട്ടയും കഴിച്ചു മാത്രമല്ല... തോറ്റും ജയിച്ചും, കരഞ്ഞും അട്ടഹസിച്ചും വഴക്കു കൂടിയും, അകമഴിഞ്ഞു സ്നേഹിച്ചും ഒക്കെയാണ് 

    ഗുരു മുഖത്ത് നിന്ന് ലഭിക്കുന്ന ജ്ഞാനത്തോളം വരില്ല ഒരു വിക്കി പീഡിയയിലും തെളിയുന്ന അറിവിന്. സ്‌കൂളിനോളം പകരം ആകില്ല ഒരു ആപ്പും. അധ്യാപകർക്ക് പകരം അധ്യാപകർ മാത്രം !

കൊറോണ കവർന്നെടുത്ത കഴിഞ്ഞ അധ്യയന വർഷം വലിയ നഷ്ടമാണെന്ന തിരിച്ചറിവോടും എല്ലാം സാധാരണ ഗതിയിൽ ആകട്ടെ എന്ന പ്രാർത്ഥനയോടും 

അവസാനിപ്പിക്കുന്നു...