Tuesday, October 3, 2017

സ്നേഹ സംസ്കാരത്തിലേക്ക്

                                                                                                                                                                                                                                                                             NIBIN CHUNDANKUZHIYIL |03 - 10-2017

Wednesday, March 29, 2017

കനിവ്‌

ഞാന്‍  നിന്നോട് കരുണ കാണിച്ചത് പോലെ നീയും നിന്‍റെ  സഹ സേവകനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ?" (മത്താ-18 :33)


     നാം പരസ്പരം പുലർത്തേണ്ട മാനുഷിക ധർമ്മമാണ് കനിവ് .എത്രയോ പേരുടെ കനിവിന്‍റെ  അപ്പകഷണങ്ങൾ കൊണ്ടാണ് നാമീ ഭൂമിയിൽ അതിജീവനത്തിന്‍റെ   പാതയിൽ വ്യാപരിക്കുന്നത്. എല്ലാം  ദാനമായിരിക്കെ ദാനമല്ലഎന്ന മട്ടിൽ നിങ്ങൾ എന്തിന് അഹങ്കരിക്കുന്നു എന്ന വി.പൗലോസിന്‍റെ  ചോദ്യംഎന്തുകൊണ്ടാണ് നമ്മുടെ ധാരണകളെ ഇത്രയും ഉലയ്ക്കുന്നത്? (1 കൊറി. 4:7)

            ഒന്നാമതായി, നിസ്വാർത്ഥമായി വ്യാപരിക്കാൻ കഴിയുക എന്നതാണ് കനിവി ലേക്കുള്ള ആദ്യ ചുവട്.. വേദ പണ്ഡിതന്മാർ നിരീക്ഷിക്കുന്നത് പോലെ, സുവിശേഷത്തിൽ വിവരിക്കുന്ന അത്ഭുതങ്ങളിൽ ഏറ്റവും വലുത് തനിക്ക് വേണ്ടി ക്രിസ്തു ഒരു അത്ഭുതവും ചെയ്തിട്ടില്ല എന്നതാണ്. എല്ലാ ചെയ്തികളും അപരനിലേക്ക് ഒഴുകിയ കനിവായിരുന്നു. അന്ധനും മുടുന്തനും കുഷ്ഠ രോഗിക്കും കല്ലെറിയാൽ വിധിക്കപ്പെട്ടവൾക്കും അവൻ നൽകിയത് കനിവിന്‍റെ  സുവിശേഷമായിരുന്നു. മരണം വരെയും ആ ഗുരു പഠിപ്പിച്ചതും പ്രവർത്തിച്ചതും കനിവിന്‍റെ  അക്ഷരമാലകളും പാഠങ്ങളും ആയിരുന്നു. അവിടുത്തെ മഹത്വപൂർണ്ണമായ ഉത്ഥാനം പോലും തന്നിൽ വിശ്വസിക്കുന്നവർക്ക് വേണ്ടി ആയിരുന്നല്ലോ. (മത്താ. 18:33) മേലങ്കി പട്ടാളത്തിന്, അമ്മയെ ശിഷ്യന്, പറുദീസ നല്ല കള്ളന്, ആത്മാവിനെ പിതാവിനും!  അങ്ങനെ സകലതും നൽകിയാണ് ആ യാത്ര അവസാനിക്കുന്നത്.
പേരിന് നമ്മളും തലമൂത്ത ക്രിസ്ത്യാനികൾ തന്നെ! നിന്നെ അറിയാത്ത ആർക്കാണ് ഭിക്ഷയല്ലാതെ ദാനം ചെയ്തത്? എത്ര അന്യദേശക്കാരന് - അത് ബംഗാളിയോ, ആസ്സാമിയോ ആകട്ടെ- വിശ്രമിക്കാൻ നിങ്ങൾ വീടിന്‍റെ  ഉമ്മറം കൊടുത്തു?  ആരുമില്ലാത്ത ഒരു കുട്ടിക്ക് ഒരു നല്ല ഉടുപ്പ് മേടിച്ച് കൊടുക്കാൻ സന്മനസ്സ് കാണിക്കാത്തവരല്ലേ നമ്മൾ?  അങ്ങനെയൊക്കെ ജീവിച്ചാൽ എങ്ങനെ ചിലവ് നടത്തും എന്ന് അടക്കം പറയുന്ന പ്രിയ വായനക്കാരാ, ലോൺ എടുത്ത് സഹായിക്കാനല്ല പറയുന്നത്, മറിച്ച്, നിന്‍റെ  ചിലവിൽ ഇതിന് കൂടി ഇടം കണ്ടെത്തണം എന്നാണ്. പണം മുടക്കില്ലാത്ത സഹായങ്ങളും ഒരു പാട് ഉണ്ടല്ലോ നമുക്ക് ചെയ്യാൻ. ദൈവം തന്നിരിക്കുന്ന നാണയങ്ങളെ -അത് സമയമോ, സൗകര്യങ്ങളോ, ആരോഗ്യമോ - വിനിമയം ചെയ്യാത്തവനെ സുവിശേഷം വിളിക്കുന്നത് ദുഷ്ടനും മടിയനുംമായവൻ എന്നാണ് .. (മത്താ.25:26)

    നമുക്ക് ചുറ്റിനും ഉള്ള കനിവിന്‍റെ  പാഠങ്ങളെ തിരിച്ചറിയുക എന്നതാണ് രണ്ടാമത്തെ കാര്യം. മിഴി പൂട്ടി സ്വജീവിതത്തെ ധ്യാനിക്കുമ്പോൾ കനിവിന്‍റെ  അന്നം തന്ന് ജീവന്‍റെ  പുൽനാമ്പുകൾ കരിയാതെ വളർത്തിയവരുടെ രേഖാചിത്രം മനസ്സിൽ തെളിയും... അപ്പൻ, അമ്മ, സഹോദരങ്ങൾ, അയൽക്കാർ ബന്ധുമിത്രങ്ങൾ, വഴിയിൽ വീണപ്പോൾ ജീവനെ വീണ്ടെടുത്ത നല്ല സമരിയാക്കാരായ അന്യദേശക്കാർ, കൺകോണിലെ നനവ് കണ്ട് “കരയേണ്ട പോട്ടെ” എന്ന് പറഞ്ഞ അപിരിചിതരും പരിചിതരുംമായ മാലാഖമാർ, കാൽക്കാശിന് ഗദ്യന്തരമില്ലാത്ത കാലത്ത് അപ്പമായും അർത്തമായും നമ്മെ വീണ്ടെടുത്ത പ്രിയപ്പെട്ടവർ..... അങ്ങനെ എണ്ണിയാൽ കണക്ക് മാഷും തോൽക്കുന്നത്രോം പേരുകൾ. അവരുടെ കനിവ് വറ്റാത്ത മനസ്സിന്‍റെ  ഫലമാണ് നമ്മുടെയീ ജീവൻ. ഞാൻ ഞാനായതിന് പിന്നിൽ ആയിരങ്ങളുടെ കനിവിന്‍റെ  കരങ്ങൾ ഉണ്ടായിരുന്നുവെന്ന തിരിച്ചറിവിൽ നിങ്ങൾ ലോകത്തെ വീണ്ടും കാണണം. അപ്പോൾ അരോടും കോപിക്കാൻ തോന്നില്ല കാരണം നാളെ ഇവനാകും കനിവിന്‍റെ  ഉറവ വറ്റാത്ത കണ്ണിയായി വർത്തിക്കുന്നത്. ഓർമിക്കണം, സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കാൻ ആവശ്യപെടുന്നുണ്ട് തിരുവചനം. (കൊളോ. 4:6) അത് പോലെ ആരുടെയും അതിര് മാന്താൻ പോകില്ല കാരണം ഇന്ന് വരെയും ആരും ഒന്നും കൊണ്ട് പോയിട്ടില്ല, നാളെയും അങ്ങനെ തന്നെ. മൂന്നാം നാൾ മുതൽ ദുർഗന്ധം വന്ന് തുടങ്ങും സ്നേഹിതാ, ഇപ്പോ എത്ര 'കുട്ടിക്കൂറാ' ഇട്ടാലും! നിന്നെ അനുതാപത്തിലേക്ക് നയിക്കുകയാണ് ദൈവത്തിന്‍റെ  കരുണയുടെ ലക്ഷ്യമെന്ന് നീ അറിയുന്നില്ലേ?" എന്ന വി. പൗലോസിന്‍റെ  ചോദ്യം ആരും മറന്ന് കൂടാ. അത് പോലെ ആരെയും പുച്ഛത്തോടെ കാണാൻ കഴിയില്ല കാരണം ആർക്കും പ്രവചിക്കാനാവാത്ത ഒരു ഭാവികാലം എല്ലാവർക്കും ഉണ്ട്. പ്രകൃതിയുടെ കനിവിനാണല്ലോ ഒരോ പുഴുവും ശലഭമായി മാറുന്നത്. കനിവിന്‍റെ  ഉറവ വറ്റാത്ത നീർച്ചാലിന്‍റെ  ഇരും പുറങ്ങളിലും തളിർത്ത് നിൽക്കുന്ന സസ്യം പോലെ നാം. ഇനിമേൽ ആരോടും പൊങ്ങച്ചം പറയാൻ നിൽക്കരുത്, ഉണ്ടെന്ന് അഹങ്കരിക്കരുത് കാരണം, അതെല്ലാം ആരുടെയോ കനിവാണ്. അറിവും അനുഭവും സമ്പത്തും പ്രശസ്തിയും കനിവിന്‍റെ  നീർച്ചാൽ സമ്മാനിച്ച പൂക്കളാണ്. വിടരാനും കൊഴിയാനുമൊരു കാലം. കുമാരനാശൻ വർണിക്കുന്നത് പോലെ,
"ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്‍റെ -
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍ " ( വീണ പൂവ്)

  അല്പം പ്രകൃതി സ്നേഹത്തോടെ ചിന്തിച്ചാൽ ഇന്ന് നാം ആശ്വാസം കണ്ടെത്തുന്ന തണൽ അന്ന് ആരുടേതാണന്ന് പോലും അറിയാത്ത ഭൂമിയിൽ മരങ്ങൾ നട്ടവരുടെ കനിവല്ലേ? അങ്ങനെ എത്രയോ പേർ... അതിൽ കുറച്ച് പേരെ മാത്രം നാം അറിയുന്നു, വാഴ്ത്തുന്നു. കേരളത്തിൽ ഒരു പോക്കുടൻ, കർണാടകത്തിൽ നൂറ്റിയt©mളം പ്രായമുള്ള തിമ്മക്ക, അങ്ങനെ ചുരുക്കം ചിലരെ നാം വായനയിൽ കണ്ടെത്തും. എന്നെപ്പോലെ എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ പാർക്കുവാൻ അവകാശം ഉണ്ടന്നും അവരും ഭൂമിയുടെ അവകാശികളാണെന്നും സമർത്ഥിച്ച ബഷീറിന്‍റെ  ചിന്തകൾ എന്ത് കൊണ്ട് നമ്മെ സ്വാധീനിക്കുന്നില്ല......? (ഭൂമിയുടെ അവകാശികൾ) . വെട്ടിയും പിഴുതും നാം തകർത്ത് കളഞ്ഞ ഹരിത ഭൂമി പുന സൃഷ്ടിക്കുക എന്നതും ഈ ഭൂമിയോട് നാം പുലർത്തേണ്ട കനിവിന്‍റെ  പ്രേഷിത പ്രവർത്തനമാണ്.


   മൂന്നമതായി, കനിവിന്‍റെ  പ്രേഷിതരാവുക . പറഞ്ഞ കഥകളിലും ചെയ്ത പ്രവർത്തികളിലും കനിവിന്‍റെ  വിത്ത് പാകിയാണ് ആ ഗുരു മാതൃകായയത്. അഷ്ട ഭാഗ്യങ്ങൾ പറഞ്ഞ മല മുതൽ യാഗമായി ജീവിതം അർപ്പിച്ച മല വരെ  സൗമ്യതയുടെ രൂപമായി, കനിവിന്‍റെ  പാഠങ്ങൾ ഭൂമിക്ക് പകർന്ന് ആ നസ്രായേൻ ക്രിസ്തുവായി.
കനിവ് ഒഴുകുന്ന കഥകളുടെ സ്മരണകൾ പങ്ക് വെച്ച  ബാലചന്ദ്രൻ ചുള്ളികാടിന്‍റെ  ചിദംബര സ്മരണകളിൽ എഴുതിയിരിക്കുന്നത് വായിച്ചവരാണ് നമ്മൾ, "ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്കായി എപ്പോഴും കാത്ത് വയ്ക്കുന്നു.'' ജീവിതം ഒരാളോട് കാട്ടുന്ന കനിവിനെ അത്ഭുതമെന്ന് വിളിച്ചാൽ തെറ്റ് പറയാൻ പറ്റുമോ? അതെ കരുണ ഒരു വലിയ അത്ഭുതമാണ്.
കണ്ണിന് പകരം കണ്ണ് എന്നുള്ള നാട്ട് നടപ്പിനെ ഈശോ കാറ്റിൽ പറത്തിയത് കനിവിന്‍റെ  സുവിശേഷത്താലാണ്. പത്ത് പതിനേഴ് നൂറ്റാണ്ടായി നിലനിന്നിരുന്ന ഹമ്മുറബിയുടെ ആ നിയമത്തെ സ്നേഹം കൊണ്ട് കഴുകി ഇല്ലാതാക്കിയപ്പോൾ പ്രഘോഷിക്കപ്പെട്ടത് കനിവ് തന്നെ. പകരത്തിന് പകരം പോരാടാൻ മാത്രം ബുദ്ധിവികാസമേ നമുക്ക് ഉള്ളോ? തകഴിയുടെ കൃഷിക്കാരനിലെ കേശവൻ നായരെപ്പോലെ ശത്രു വിന് തിന്മ വരുത്തിവെച്ചിട്ട് ഒരു നേട്ടവും അയാൾ ആഗ്രഹിക്കുന്നില്ല, അത് പുഞ്ചക്കണ്ടത്തിൽ മട വെക്കുന്നത് പോലും. ' ഇത്രമേൽ കനിവ് വച്ച് പുലർത്തിയവരും നമ്മുടെ ഇടയിൽ ഉണ്ടോ? ദൈവത്തിന് സ്തുതി!

ക്രിസ്തു പറഞ്ഞ രണ്ടാം മൈൽ കനിവിലേക്കുള്ള പാതയാണെന്ന ബോദ്ധ്യത്താലെ, ഹിംസയുടെ പാറക്കല്ലുകൾ തകർക്കപെടട്ടെ, നമുക്കും  ഉത്ഥാനം സംഭവിക്കട്ടെ... ആമ്മേൻ.

" നീ സൂര്യവെളിച്ചത്തിൻ സ്രോതസ്സ്
ഞാൻ മണ്ണിലെ വില്ലോ മരത്തിന്‍റെ  നിഴലും
നീയാണെന്നെ നിറങ്ങളുടെ ഉടുപ്പണിയിക്കുന്നത് "       - റൂമി


           



Tuesday, March 7, 2017

യാത്ര




യാത്ര

പാബ്ലോ നെരൂദ യുടെ ഈ വരികൾ ധ്യാന പൂർവ്വം വായിക്കേണ്ട ഒരു കവിതയാണ്.

"You start dying slowly
if you do not travel,
if you do not read,
If you do not listen to the sounds of life,
If you do not appreciate yourself.
You start dying slowly"


കവിത അങ്ങനെ നീണ്ട് പോകുന്നു. സാധാരണയിൽ നിന്ന് മാറി പുതിയ ഒരു ക്രമം രൂപപ്പെടുത്തുമ്പോഴാണ് ജീവിതത്തെ സ്നേഹിക്കാൻ തുടങ്ങുകയന്നൊക്കെ അതിന് ധ്വനിയുണ്ട്. 
ബാഹ്യമായി നമ്മൾ നടത്തുന്ന എല്ലാ യാത്രകളും ആന്തരികതയിലേക്കുള്ള വഴികളാണെന്ന് പറഞ്ഞ് തന്ന സെൻ കഥകൾ ധാരാളം ഉണ്ട് നമ്മുടെ ഓർമ്മയിൽ. അഹത്തെ കണ്ടെത്തുമ്പോഴാണ് പുറംന്തോട് പൊട്ടി മുളച്ച് പൊന്തുന്ന ചെടി പോലെ നാം വളരുക, അത് വരെയും മണ്ണിനടിയിൽ ആകാശത്തിന് വേണ്ടി കാത്തിരുന്നിങ്ങനെ.  ഒരു പാട് തിരിച്ചറിവുകൾ തരുന്ന ധ്യാനമാണ് ഒരോ യാത്രയും എന്ന് വേണം കരുതാൻ. സഞ്ചരിക്കേണ്ട വഴിയും യാത്രികനും ലക്ഷ്യസ്ഥാനവും നീ തന്നെ എന്ന ചിന്ത പകർന്ന താവോയിസവും യാത്രക്കൊടുവിൽ അഹത്തെ കണ്ടെത്തിയ ബുദ്ധനും തുടങ്ങി യാത്രയുടെ ആത്മീയത ഈ ലോകത്തോട് മന്ത്രിച്ച ഗുരുക്കന്മാർ ഏറെയുണ്ടീ ഭൂമിയിൽ.  മനുഷ്യന്‍റെ നിസ്സാരത, നശ്വരത, സംസ്കാര വൈവിധ്യങ്ങളുടെയിടയിലും തെളിഞ്ഞ് നിൽക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ , അങ്ങനെ ഒരു പാട് വെളിപാടുകൾ നൽകുന്ന തപസ്സ് പോലെ ഒരോ യാത്രയും... എല്ലാ ദേശങ്ങളിലും മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എല്ലാം സമമാണ്. യുദ്ധവും രാഷ്ട്രീയ അരാജകത്വവും രോഗങ്ങളും, കടങ്ങളും അവസാനം മരണവും, ഇതിൽ നിന്ന് രൂപപ്പെടുന്ന അസ്വസ്ഥകളും പരാതികളും എല്ലാ നാട്ടിലും ഉണ്ട്. അതിനാൽ തന്നെ പ്രശ്നങ്ങളെ പേടിച്ച് ഒളിച്ചോടിയിട്ട് ഒരു കാര്യവും ഇല്ല. പടപേടിച്ച് ഇനി ആരും പന്തളത്തിന് ബസ് കയറണ്ടന്ന് ചുരുക്കം. 
ഏസാവിനെ ചതിച്ച് നാട് വിട്ട യാക്കോബ് ചെന്ന ദേശത്ത്, അയാളെ ബന്ധുവായ ലെബാൻ ചതിക്കുന്നു, സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടിയ യോനയെ തിമിംഗലം വിഴുങ്ങി, അപ്പനെയും സഹോദരനെയും വേദനപ്പിച്ചും കബളിപ്പിച്ചും നാട് വീട്ട് പോയ ധൂർത്തനായ പുത്രനെ സുഹൃത്തുക്കൾ കബളിപ്പിച്ച് നിർധനനാക്കി.. അങ്ങനെ അവനവന്‍റെ ചെയ്തികൾക്കുള്ള പ്രതിഫലം എല്ലാ നാട്ടിലും കാത്തിരിപ്പുണ്ട്. അപ്പോൾ ഒളിച്ചോട്ടവും നാട് വിടലും  ഒരു പരിഹാരമാണോ?
ജീവിതത്തെ ഒരു യാത്രയായി ഉപമിക്കുന്ന നമ്മുടെ ആത്മീയ സംസ്കാ ത്തിൽ നിന്ന് ചിന്തിക്കുമ്പോൾ നമ്മൾ നടത്തുന്ന ചെറിയ യാത്രകൾ ആ മഹായത്രയുടെ അനുരണനങ്ങൾ തന്നെ.

യാത്രയുടെ നിയമങ്ങൾ ഏറ്റവും മനോഹരവും അർത്ഥവത്താക്കിയും പറഞ്ഞ ഗുരു യേശു തന്നെ. അപ്പമോ, വടിയോ, സഞ്ചിയോ, കരുതാണ്ട് വേണം നി യാത്ര പോകാൻ എന്ന് ഓർമിപ്പിക്കുന്നുമുണ്ട്. ദൈവാശ്രയത്വം എന്ന പുണ്യമാണ് ഒരോ ജീവിതയാത്രയേയും സുന്ദരമാക്കുന്നത്.  പുണ്യങ്ങൾ പൂക്കേണ്ട വസന്തകാലമാകണം യാത്രകൾ. ജീവിത സായാഹ്നത്തിന്റെ ശിശിരകാലങ്ങളിൽ കൂട്ടായി ആ ഓർമ്മകളും പുണ്യങ്ങളും ആത്മാവിൽ ആനന്ദം നിറക്കും.
സഹയാത്രികനോട് കാട്ടേണ്ട മര്യാദയെക്കുറിച്ച് കൂടി ഒരു കരുതൽ ഉണ്ടാവണം. നല്ല സമരിയാക്കാരന്‍റെ കഥ ഈ രീതിയിൽ കൂടി ഒന്ന് വായിക്കണം.' വീണ് പോയ യാത്രയിൽ കരം പിടിച്ച് ജീവന്‍റെ കൂടാരത്തിലേക്ക് അവനെ വഹിച്ചത് മറ്റൊരു യാത്രികനാണ്. സഹജീവികളോടുള്ള കരുണയും കരുതലും അണയാത്ത ദീപം പോൽ കൊണ്ട് നടക്കേണ്ട തീർത്ഥാടനമാണ് ജീവിതയാത്രകൾ. അങ്ങനെ, ഒരോ യാത്രക്കിടയിലും പരിപാലനയുടെ ദൈവകരം നമുക്ക് വെളിപ്പെട്ട് കിട്ടുന്നു. ഗ്രാമങ്ങൾ തോറും സഞ്ചരിച്ചത് കൊണ്ടാവണം, ക്രിസ്തുവിന്റെ കഥകളുടെ പൊരുൾ എല്ലാ ദേശക്കാർക്കും എല്ലാ കാലങ്ങളിലുള്ളവർക്കും ഒരുപോലെ ഉതകുന്നതായത്.  എല്ലാ കാലങ്ങളിലും സംസ്കാരങ്ങളിലും മനുഷ്യൻ പോരാടിയത് മണ്ണിനും പെണ്ണിനും അധികാരത്തിനും വേണ്ടി ആയിരിന്നുവെന്നാണ് ചരിത്രാന്വോഷകരുടെ നിരീക്ഷണം.  അതിനാൽ തന്നെ സമ്പത്തിന്റെ നശ്വരതയേക്കുറിച്ച് ഗുരു ആവർത്തിക്കുന്നുണ്ട്. യാത്രയിൽ കണ്ട പല തിനെയും അവൻ ബിംബമാക്കിയാണ് കഥകൾ പറഞ്ഞത്. വയലിലെ ലില്ലിയും പറവകളും, അത്തിമരങ്ങളും കടുകും അങ്ങനെ വഴിയോര കാഴ്ച്ചകൾ ഏറെ ഉണ്ട് സുവിശേഷത്തിൽ. 

വി.ഗ്രന്ഥത്തിൽ ഒരു പുസ്തകം തന്നെ യാത്രയേക്കുറിച്ചാണല്ലോ. കാനാൻ ദേശംതേടി, മരുഭൂമിയിലൂടെ യാത്ര ചെയ്ത ഇസ്രയേൽ ജനത്തിന്‍റെ പുറപ്പാട്. നമ്മുടെ ജീവിതവും ഒരു തരത്തിൽ ഒരു പുറപ്പാടല്ലേ? ഗുരുക്കമാരുടെയും ആദ്ധ്യാത്മിക നേതാക്കന്മാരുടെയും കരം പിടിച്ച് ആരംഭിച്ച്‌    ഇടയിൽ വച്ച് നമ്മൾ അവരോട് ഇടർച്ചയിലായി. വാഗ്ദാനങ്ങളും സഹായഹസ്തങ്ങളും വെറും പൊള്ളയാണെന്ന് തെറ്റിദ്ധരിച്ച് നാം അവരോട് അകലം പാലിച്ചു. പ്രതിബന്ധങ്ങളുടെ ചെങ്കടലിലും സഹനത്തിന്റെ മരുഭൂമി യാത്രക്കിടയിലും നമ്മൾ അവരോട് കലഹിച്ചു. ദൈവകാരുണ്യത്തിന്റെ മേഘ തണലും മന്നയുടെ സുകൃതവും സംരക്ഷണവും അനുഭവിച്ചിട്ടും അധാർമികതയുടെ ഇറച്ചി പാത്രങ്ങൾക്ക് വേണ്ടി വാദിച്ചു. കരിം പാറയിൽ നിന്ന് സമൃദ്ധമായ ജലമെന്നപ്പോലെ നമ്മുടെ ജീവിതത്തിലേക്ക് ദൈവം തന്ന ഐശ്വര്യങ്ങളുടെ നീർച്ചാലുകളെ സൗകര്യപൂർവ്വം മറന്നു. അങ്ങനെ, മറ്റൊരു പുറപ്പാടായി, നമ്മളീ മരുവിൽ കൂടാരങ്ങൾ മാറ്റി മാറ്റി യാത്ര തുടരുന്നു. കാനാൻ ദേശം ഇനിയും സംവത്സരങ്ങൾ അപ്പുറെ. ജീവനില്ലാത്ത വിഗ്രഹങ്ങളിൽ നിന്ന് (അത് പണമോ, മണ്ണോ, ബന്ധങ്ങളോ, ശീലങ്ങളോ ) മുഖം ഉയർത്തണം. ജീവനുള്ള ദൈവത്തെ സ്തുതിക്കണം. പരസ്പരം കലഹിച്ചും പഴി പറഞ്ഞും യാത്രയുടെ സുഖം കളയാതെ സ്നേഹത്തിന്റെ കരങ്ങൾ കോർത്ത് വേണം ഇനിയും സഞ്ചരിക്കുവാൻ. ക്ഷമയുടെയും വിട്ട് കൊടുക്കലിന്റെയും മനോഭാവങ്ങൾ കൈവരിക്കണം. അപ്പോൾ നാം തിരിച്ചറിയും ഈ ഇടമാണ് കാനാൻ. അന്ധതയുടെ ചെതുമ്പുലുകൾ അടർന്ന് വീഴട്ടെ ! 

ഈശ്വരനെതേടി നടന്ന ആ പഴയ അന്വേഷിയെക്കുറിച്ചുള്ള ഗാനം എത്രയോ തവണ നാം കേട്ടിരിക്കുന്നു. യാത്രക്കൊടുവിൽ അയാൾ കണ്ടെത്തുന്ന സത്യമാണ് തിരിച്ചറിവ്. യഥാർത്ഥത്തിൽ ഒരോ യാത്രയും അവസാനിക്കേണ്ടത് ഈ തിരിച്ചറിവിൽ ആയിരിക്കണം. സാന്റിയാഗോ എന്ന ഇടയ ബാലൻ (ആൽക്കമിസ്റ്റ് ) തന്‍റെ യാത്രക്കൊടുവിൽ എത്തിചേർന്നത് ആ തിരിച്ചറിവിലാണ്- നിധി താൻ ആയിരുന്നിടത്ത് തന്നെ. അലച്ചിലുകൾ അതിലേക്ക് എത്തിചേരാൻ നിമിത്തം ആയി എന്ന് മാത്രം. വീട് വിട്ട് അലഞ്ഞ് അകലങ്ങളിലായിരുന്നപ്പോഴാണ് ധൂർത്ത മകന് സുബോധം വന്നത്, ഏറ്റവും നല്ല സ്ഥലം താൻ ഇറങ്ങി പോന്ന സ്വഭവനം തന്നെയാണ്. അലച്ചിലുകൾക്കൊടുവിൽ ഒരുവൻ സ്വയം തിരിച്ചറിയണം, ഈ ലോകത്തിലേക്ക് വച്ച് ഏറ്റവും സുന്ദരമായ കാഴ്ച്ച എന്‍റെ പ്രിയപ്പെട്ടവരുടെ മുഖമാണെന്ന്, ഏറ്റവും സ്വാദ് വീട്ടിലെ ചമ്മന്തിക്കാണെന്ന് , അങ്ങനെ താൻ ആയിരിക്കുന്നിടം സ്വർഗ്ഗം ആകുന്നു. മറ്റൊരു കാനാൻ ആകുന്നു."ദൈവരാജ്യം നിങ്ങളുടെ ഇടയിൽ  തന്നെയുണ്ടന്ന" ഗുരു വചനം ഓർമിക്കുക.  അജ്ഞതായാൽ മൂടപ്പെട്ട കണ്ണുകൾ അറിവിന്‍റെ വെളിച്ചം കണ്ടത് ആ യാത്രയിലാണ്. എമ്മാവൂസ് യാത്രയേക്കുറിച്ച് തന്നെ. ആ യാത്രക്കൊടുവിലാണ് സഹയാത്രികൻ ക്രിസ്തുവാണെന്ന് തിരിച്ചറിഞ്ഞത്. ഗ്രാമത്തിന്‍റെ നിഷ്കളങ്കത നമുക്ക് കൂറേക്കൂടി വെളിപാട് തരും എന്ന് തോന്നുന്നു.  നല്ല യാത്രകളുടെ അവസാനം അങ്ങനെയാണ് കൂടെയുള്ളവരെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും അവനവനെക്കുറിച്ചും പുതിയ കാഴ്ച്ചപ്പാടുകൾ രൂപപ്പെടും.  ഹൃദയം ജ്വലിക്കും.

അവനവനിൽ നിന്ന് പുറപ്പെട്ട് അവന്റെ ഉള്ളിൽ ചെന്ന് അവസാനിക്കുന്ന തീർത്ഥാടനമാണ് ഒരോ യാത്രയും.

ബുദ്ധാശ്രമത്തിൽ എത്തിയ ആ യാത്രികൻ
 അമ്പരപ്പോടെ ചോദിച്ചു, 
എവിടെ അങ്ങയുടെ കസേരകൾ?
"നിന്‍റെയോ?"
"ഞാൻ യാത്രയിലാണ്..."

"ഞാനും "

Wednesday, February 22, 2017

നിഴല്‍

         

നിഴല്‍

        വർണ്ണവിവേചനം ഏർപെടുത്താത്ത അസ്ഥിതത്വത്തിന്റെ അടയാളമാണ് നിഴൽ. വലിയവെനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ കാലമനുസരിച്ച് നിന്നെ അടയാളപ്പെടുത്തുന്ന ദൈവത്തിന്റെ വരകളാണ് അവ. നിഴൽ പോലും കൂട്ടിനില്ലാത്ത കാലം ഉണ്ടെന്നത് അപകട സൂചനയാണ്. ഏകനാകും എന്നത് തന്നെ. ചിന്തകളും ശരികളും സൗഹൃദങ്ങളും ഒന്നും ഉണ്ടാവില്ല. അധി കഠിന മാനസികവ്യഥകളിലൂടെ കടന്ന് പോയപ്പോൾ ക്രിസ്തുവിനും സംഭവിച്ചത് അത് തന്നെ , കൂട്ടായി നിഴൽ പോലെ നടന്നവർ ഓടി ഒളിച്ചു. ഗത് സമനിന്റെ ഇരുളിൽ, കുരിശിന്റെ നിഴൽ വീണ രാത്രിയിൽ ആശ്വാസം നൽകിയത് നിഴലുകൾ ഇല്ലാത്ത ദൂത്മാർ തന്നെ.


                   അല്പം പ്രകൃതി സ്നേഹത്തോട് കൂടെ ചിന്തിക്കുമ്പോൾ നിഴലുകൾ ഇല്ലാത്ത കാലം എന്നത് ഭാരപ്പെടുത്തുന്ന ഭാവനയാണ്. വഴിയോരങ്ങളിൽ, പുഴവക്കിൽ , ആശ്വാസം  നൽകി യിരുന്ന തണലുകൾ എവിടെയോ മറഞ്ഞിരിക്കുന്നു. സ്വാന്തനത്തിന്റെ തണൽമരങ്ങൾ നാം മുറിച്ച് മാറ്റിയിരിക്കുന്നു. ഇല്ല ഒട്ടും മാപ്പില്ല.. ഈ തലമുറയിലുള്ളവരുടെയും വരും തലമുറയിലുള്ളവരുടെയും മാപ്പ് അവർ അർഹിക്കുന്നില്ല.  അത്ര കാര്യമായി ജീവിതത്തെ കാണാൻ സാധിക്കാത്തത് കൊണ്ടാവാം നമ്മുടെ പാതയോരങ്ങളിൽ നിന്ന് തണലുകൾ അപ്രത്യക്ഷമാകുന്നത്. ടാഗോർ പറഞ്ഞത് ഓർക്കുക, " താൻ ഒരിക്കലും അതിന്റെ തണലിൽ ഇരിക്കാൻ പോകുന്നില്ല എന്ന് അറിഞ്ഞിട്ടും ഒരാൾ മരം നടുന്നുണ്ടെങ്കിൽ അയാൾ ജീവിതം എന്തെന്ന് മനസ്സിലാക്കിയിരിക്കുന്നു."
എന്തെന്നാൽ നിഴൽ അത്ര നിസ്സാര കാര്യമല്ല എന്നത് തന്ന, സൗഖ്യമാക്കപ്പെട്ട ഹെസക്കിയാ രാജാവിന് ദൈവം നൽകിയ അടയാളം പത്തടി പിന്നോട്ട് മാറിയ നിഴൽ തന്നെ.  വെളിച്ചത്തെ ഇരുളിൽ    നിന്ന് വേർതിരിച്ചത് മുതൽ വെളിച്ചത്തെ പിന്തുടരുന്നതാണ് നിഴലിന്റെ ജീവിതക്രമം. മരുഭൂമിയിൽ അലഞ്ഞ പഴയ നിയമ ജനതയുടെ കാര്യം ഓർമിക്കുക, അവർക്ക് ആശ്വാസം നൽകിയതും നയിച്ചതും മേഘത്തണൽ തന്നെ. ചുട്ട് പൊള്ളുന്ന കാലഘട്ടങ്ങളിലും അവൻ തെളിച്ച വഴിയോരങ്ങളിലൂടെ കടന്ന് പോകുന്നവരുടെ മേൽ ചൊരിയുന്ന ദൈവ സംരക്ഷണമാണ് നിഴൽ. ദൈവത്തിന്റെ കാരുണ്യം  !        
ആകാശം വിട്ട് പലതും ഭൂമിയിലേക്ക് വന്നതിന്റെ ഓർമ്മ പുസതകമാണല്ലോ പുതിയ നിയമം... മാലാഖമാർ മുതൽ ദൈവം വരെ. അത് കൊണ്ടാകണം മേഘങ്ങളുടെ തണലിൽനിന്ന് മാറി ആളുകളുടെ നിഴലിൽ അഭയം തേടാൻ കാരണം. തെരുവീഥികളിൽ പത്രോസിന്റെ നിഴൽ തങ്ങളുടെ മേൽ പതിയാൻ തിരക്ക് കൂട്ടിയവരെക്കുറിച്ചും അപ്പസ്തോല പ്രവർത്തനങ്ങളിൽ എഴുതിയിട്ടുണ്ടല്ലോ. എത്രയോ വിശുദ്ധ നിഴലുകൾ പതിഞ്ഞ ഭൂമിയിലാണ് ആഭിചാരതയുടെ മന്ത്രക്കളങ്ങളിൽ അശുദ്ധതയുടെ നിഴൽ യുദ്ധം നടക്കുക! 


 എല്ലാം അറിഞ്ഞു വെന്ന് വീമ്പളിക്കയ പണ്ഡിതനും തോറ്റ് പോയത് ആ പഴയ കടത്ത്കാരന്റെ മുമ്പിൽ ആണ്.  മനശാസ്ത്രജ്ഞന്മാരൊക്കെ നിഴലിനെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്, ഒരുവന്റെ അഞ്ജതയുടെ പ്രതീകമായിട്ട്. എത്രയോ ജ്ഞാനത്തിന്റെ കൊടുമുടികൾ കീഴടക്കിയിട്ടും അവന് അവനെക്കുറിച്ച് പോലും മുഴുവൻ വെളിപ്പെട്ട് കിട്ടിയില്ല എന്ന് അറിയുമ്പോൾ ഓർമ്മിക്കണം നമ്മൾ എത്രയോ നിസ്സാരരാണ്. ഞാൻ മനസ്സിലാക്കാത്ത ഒരു നിഴൽ ജീവിതം എന്റെ ഉള്ളിൽ ഉണ്ട്. എനിക്ക് നിന്നെ അറിയാം എന്നൊക്കെ വീമ്പടിക്കുമ്പോൾ ഓർക്കുക, നീ തന്നെ നിന്നെതന്നെ ശരിക്കും അറിഞ്ഞിട്ടില്ല. അങ്ങ് പടിഞ്ഞാറ് സോക്രട്ടീസ് മുതൽ ഇങ്ങ് കിഴക്ക്, ശ്രീ ആദി ശങ്കരൻ വരെ അന്വേഷിച്ചത് ഇതിന്റെ ഉത്തരമായിരുന്നല്ലോ... എന്നിട്ട് നമ്മൾ പറയും, നമുക്ക് എല്ലാം അറിയാന്ന്.... അരുത്, ചുമ്മാ മുതിരാൻ ശ്രമിക്കരുത്.. അന്വേഷണത്തിനൊടുവിൽ ഉത്തരത്തിൽ എത്തി ചേരുന്നത് വരെ! 

ജീവിതത്തിന്റെ നശ്വരതയെ ഓർമിപ്പിക്കാൻ ബൈബിൾ ഉപയോഗിക്കുന്ന ബിംബമാണ് നിഴൽ. നമുക്ക് നിശ്ചയിച്ചിരിക്കുന്ന കാലം നിഴൽ പോലെ കടന്ന് പോകും എന്ന് വി.ഗ്രന്ഥത്തിൽ വായിച്ചത് ഓർക്കണം. (ജ്ഞാനം :2. 5) സങ്കീർത്തകൻ വിലപിക്കുന്നതും നിഴൽ പോലെ കടന്ന് പോകുന്ന ദിനങ്ങളെ ഓർത്താണ്. എത്ര വലിയ കോട്ടകൾ ഉയർത്തിയാലും, ആകാശഗോപുരങ്ങൾ നിർമ്മിച്ചാലും, നാട് നീളെ പ്രതിമകളും സ്മാരക ശിലകളും സ്ഥാപിച്ചാലും മനുഷ്യന്റെ ദിനങ്ങൾ നിഴൽ പോലെ തന്നെ. എത്രയോ രാജാക്കന്മാർ പണി കഴിപ്പിച്ച വെണ്ണക്കൽ ശില്പങ്ങൾ തകർന്നിടത്താണ് ഞാനും നീയും ചവിട്ടി നിൽക്കുക... മണ്ണിനും പെണ്ണിനും പൊന്നിനും വേണ്ടി ഈ ഭൂമിയിൽ എത്രയോ യുദ്ധങ്ങളുടെ ശംഖൊലികൾ മുഴങ്ങിയിരിക്കുന്നു. ആരും ഒന്നും കൊണ്ട് പോയിട്ടില്ല... സർവ്വവും നശിപ്പിക്കുന്ന യുദ്ധങ്ങളുടെ സ്വഭാവം അധികം അശോകന്മാർക്കും ജന്മം കൊടുത്തിട്ടില്ല. എന്നിട്ടും നമ്മൾ സർവ്വതിനോടും നിരന്തരം  യുദ്ധത്തിലാണ്. സമാധാനത്തിന് വേണ്ടിയും യുദ്ധങ്ങൾ! എത്രയോ വിരോധാഭാസം! വെട്ടിപിടിക്കാനും അമിതമായി സ്വന്തമാക്കാനും മനസ്സ് വല്ലാതെ കൊതിക്കുമ്പോൾ ചുമ്മാ നിഴലിനെ നോക്കണം... എത്രയോ വേഗത്തിലാണ് അവ മാഞ്ഞ് പോകുന്നത്. നമ്മുടെ ആയുസ്സും അത് പോലെ തന്നെ. 


പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട  ദൂത്മാരെപ്പോലെ നിഴലുകൾ ഇല്ലാത്ത രാജ്യത്ത് വ്യാപരിക്കാൻ നിത്യ പ്രകാശമായ ദൈവം തുണയ്ക്കട്ടെ.