പ്രിയപെട്ടവരുടെ ഓർമ്മയിൽ
എൻ്റെ മുഖം ചിരിച്ചതായിരിക്കുമോ ?
ചിരിക്കു കാരണമാകാനും നമ്മുടെ ചിരി മതി
ചിരി 😄.... എന്ത് വാക്കാലെ ? തന്നെ ഇരുന്നു ചിരിച്ചാൽ "ലേശം കൂടുതലാണെന്നു " അടക്കം പറയുന്നവരുടെ മുൻപിൽ എങ്ങനെ മനസ്സ് തുറന്നു ചിരിക്കും... ചിരിക്കാൻ ഫലിത ബിന്ദുക്കളോ സിനിമ സീനുകളോ കാണണ്ടന്നേ. നമ്മുടെ കഴിഞ്ഞ കാലങ്ങളെ ഓർത്തെടുത്തൽ മതി. അതൊക്കെയും പാഴാക്കാതെ ചിരിക്കാനുള്ള വകയാക്കിയെടുക്കണം...
അവിവേകം കൊണ്ട് എത്ര എത്ര മണ്ടത്തരങ്ങളാണ് ചെയ്ത് കൂട്ടിയത്. ഒരു കുടം വെള്ളം അധികം എടുത്തതിനു അയൽവക്കകാരോട് കയർത്തു സംസാരിച്ചവരുടെ കിണറുകളിൽ വെള്ളം പൊങ്ങി മോട്ടോർ വരെ നശിച്ചു പോയ കഥകൾ എത്രയെത്ര. എൻ്റെ മുറ്റത്തു കയറി പോകരുത് എന്ന് ആരോട് ആക്രോശിച്ചുവോ അവർ തന്നെ വേണ്ടി വന്നു അയാളുടെ ശവമഞ്ചം ഉയർത്താൻ... അയൽവാസിയുടെ പറമ്പിൽ നിന്ന് വെള്ളം ഒഴുകുന്നത് തടയാൻ കെട്ടിയ മതിലുകൾ വലിയ മഴയിൽ നിലം പതിച്ച് ആ വീടിനെ തന്നെ മുക്കി കളഞ്ഞു... സ്വത്ത് കൈക്കലാക്കാൻ അപ്പനെ വിഷം കൊടുത്തു കൊന്ന മകൻ അയാളുടെ മകനാൽ മരണപെട്ടു. അങ്ങനെ അങ്ങനെ നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവിതത്തിൻ്റെ ഭൂതകാലങ്ങളും വർത്തമാനവും സംഗ്രഹിച്ചാൽ ഉറപ്പായിട്ടും ചിരി വരും. കാരണം , ഓടിയതൊക്കെയും പാഴായി പോയി... നേടിയതൊക്കെയും നശിച്ചു പോയി.... ഉയർത്തിയോരെക്കെയും താഴ്ത്തി. പിന്നെ എന്തിനു ? ഇതൊക്കെ ചിരിയുടെ ഒരു വശം...
മറുവശം, നിഷ്കളങ്കമായ ചിരി ആണ്. ചിരി ഒരു സമ്മാനമായി എല്ലാവർക്കും നൽകുക. ദാനമായി സ്വീകരിക്കുക. സത്യത്തിൽ അതിനെ സംരക്ഷിക്കുക. ചിരിക്കുന്ന മുഖങ്ങളാണ് ഏറ്റവും ഭംഗിയുള്ള കാഴ്ചകൾ. അത് ആഫ്രിക്കക്കാർ ചിരിച്ചാലും, മുഖത്ത് ചുളിവ് വീണ നമ്മുടെ വല്യമ്മ ചിരിച്ചാലും, പുഴു പല്ലു കാട്ടി ഒന്നാം ക്ലാസ്സുകാരൻ ചിരിച്ചാലും ഗ്ലാമറാണ്. നമ്മുടെ സൗന്ധര്യം നമ്മുടെ ചിരിയാണ്. ചില ചിരികൾ നമ്മുടെ കണ്ണ് നിറയ്ക്കും. ആത്മാർത്ഥയുടെയും കാത്തിരിപ്പിന്റെയും സ്വപ്ന സാഫല്യത്തിന്റെയും മുഹൂർത്തങ്ങളിൽ വിരിയുന്ന ചിരിക്കൾക്കു ചന്തം ചാർത്തുന്നത് കണ്ണീരാണ്. അതിനു കുറുകെ വിടരുന്നതോ ഏഴഴകുള്ള മഴവില്ലും!
എല്ലാം ഉള്ളിൽ ഒതുക്കി, ജീവിതത്തിൽ നിരന്തം പോരാടി, സർവ പ്രതിബന്ധങ്ങളെയും എതിർത്ത് തോൽപ്പിച്ച് ചിരിക്കുന്നവരുടെ മുഖത്തിനാണ് അഴക് കൂടുതൽ. ലേസർ ടെക്നോളജി മുതൽ ലക്ഷങ്ങൾ മുടക്കി ചിരിയെ അഴകുള്ളതാക്കാൻ ശ്രമിക്കുന്ന താരങ്ങളുടെ ചിരിക്ക് അതിനു താഴയേ സ്ഥാനമുള്ളൂ...
നമുക്ക് ചിരിക്കാൻ പഠിക്കാം... ചിരിക്കാൻ പഠിപ്പിക്കാം... ആശുപത്രിയിലെ നിങ്ങളുടെ ചിരി രോഗിയെ സുഖമുള്ളവനാക്കുന്നു... ക്ലാസ്സ്മുറികളിലെ നിങ്ങളുടെ ചിരി കുട്ടിക്ക് പാഠഭാഗങ്ങൾ വേഗം മനസ്സിലാക്കി കൊടുക്കുന്നു ... വഴിയോരത്തുള്ള ചിരി ഇനിയും മുന്നോട്ടു പോകാൻ യാത്രക്കാരന് ഊർജം നൽകുന്നു... ഈ കുറിപ്പ് വായിച്ചവസാനിപ്പിച്ചു നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്താൻ നിങ്ങൾ ശ്രമിക്കുമ്പോൾ, എഴുത്തുകാരനും ഹാപ്പി ആകുന്നു....
ചിരിക്കു... ചിരിക്കു ... ചിരിച്ചു കൊണ്ടേ ഇരിക്കൂ....
സന്തോഷത്തോടെ , ചിരിയോടെ 😊
നിബിൻ ചുണ്ടൻകുഴിയിൽ