Tuesday, March 26, 2024
Thursday, February 8, 2024
വിജനം | A thought on Deserted Festival Ground
ആളൊഴിഞ്ഞ ഉത്സവപ്പറമ്പുകൾ ധ്യാനവിഷയമാക്കേണ്ട ബിംബമാണ്. കണ്ടു മുട്ടലുകളും കൂടികാഴ്ചകളും സൗഹ്രദങ്ങളും വന്ന ചേർന്നയിടം. പൊട്ടിച്ചിരികളും കൗതകങ്ങളും പിറന്നയിടം. പരിചിതരും അപരിചിതരും വന്ന ചേർന്നയിടം. ഇന്ന് ശൂന്യമാണ്. ഒരു രാത്രിയുടെ ഇടവേളയിൽ വ്യാപാരങ്ങളുടെ തിരക്കൊഴിഞ്ഞു. വ്യവഹാരങ്ങളുടെ കോലാഹലങ്ങൾ മങ്ങി. വിജനമായി. വിശുദ്ധരും അശുദ്ധരും ധനവാനും ദരിദ്രനും തുടങ്ങി എല്ലായിടത്തും ഇരു ധ്രുവങ്ങളിൽ ഉള്ളവരുടെ സംഗമ ഭൂമി. ഇന്ന് കാലിയാണ്.
ജീവിതത്തെ guest House നോട് ഉപമിച്ച റൂമിയെ അനുകരിച്ചു ഏകാന്തമായ ചില ദിനരാത്രങ്ങളെ, അല്ല - ജീവിതത്തെ മുഴുവൻ ഇത്തരം സംഗമവേദികളോട് ഉപമിക്കാം എന്ന് കരുതുന്നു.
തിരക്കൊഴിഞ്ഞ പൂരപ്പറമ്പുകളിൽ അവശേഷിക്കുന്നത് കുറെയധികം വേസ്റ്റുകൾ മാത്രമാണെന്ന് കരുതരുത്. അവയെല്ലാം പലതരം ഓർമ്മകളുടെ പുറം കുപ്പായങ്ങളാണ്. പൊട്ടിച്ചിരികളും ആഘോഷങ്ങളും തിമിർക്കുമ്പോൾ പലതിന്റെയും പേരിൽ മുഖത്തു പ്രസാദമില്ലാത്തവരെയും ധൈര്യമായി കരയുന്നവരെയും കണ്ടിട്ടുണ്ട്. ഒളിച്ചിരുന്നു കരയുന്നവരുണ്ട്. കണ്ണീരുകൾ പ്രാര്ഥനയാകുന്നിടത് തിരുന്നാളുകൾ പൂവണിയും.
പള്ളിപ്പറമ്പിൽ നിറയുന്ന കൗതകങ്ങളിൽ കണ്ണുടക്കി, കൈ ചൂണ്ടി വാശിപിടിച്ചു കരയുന്ന കുട്ടിയും അതിനെ നിഷേധിക്കുന്ന മുതിർന്നവരും ആത്മകഥാംശമുള്ള ചിത്രമാണ്. പ്രാർത്ഥിച്ചിട്ടും ലഭിക്കുന്നില്ല എന്ന ചില പരാതികൾ കേൾക്കുമ്പോൾ ഈ പെരുന്നാൾ ചിത്രം ഒരു പാഠം ഓർമ്മിപ്പിക്കും. "ഇത്തവണയല്ല അടുത്ത പെരുന്നാളിന് ഇതിലും നല്ലത്, ഇതിലും വലിയത് വാങ്ങി തരാം" പെരുന്നാളുകൾ പലത് കഴിഞ്ഞു പ്രതീക്ഷ അസ്തമിക്കുന്നില്ല. ദൈവത്തിനു സ്തുതി.
ഇത്തരം വിജനമായ ഇടങ്ങളെ കുറിച്ചുള്ള ചിന്തകൾ പുളിമാവ് പോലെയാണ്. ധ്യാനിക്കുന്തോറും അളവ് വർധിക്കും. ഇനിയുള്ളത് നിങ്ങക്കായി വിട്ടു... തരുന്നു.
ആമേൻ.


