ആ വഴിയരികിലെ വൃത്തിഹീനമായ ഒരു ഭക്ഷണശാലയിൽ ഒരു മേശ വൃത്തിയാക്കുകയായിരുന്നു രവി.
സാധാരണ മേശ തുടയ്ക്കുന്ന ഒരാളെപ്പോലെയല്ല രവി. ഒട്ടും ആത്മാർത്ഥതയില്ലാത്തതുപോലെ, യാന്ത്രികമായാണ് അവൻ ജോലി ചെയ്തിരുന്നത്. കഴിഞ്ഞകാല ജീവിതത്തിന്റെ ആലസ്യത്തിൽ നിന്ന് അവൻ ഇനിയും പൂർണമായി വിട്ടുമാറിയിരുന്നില്ല.
പ്രാണരക്ഷാർത്ഥം ജന്മനാട്ടിൽനിന്ന് പാലായനം ചെയ്ത് ഈ മുരുകന്റെ മലയ്ക്ക് കീഴിൽ വന്നിട്ട് ഇന്ന് ഏഴ് മാസമായി. എന്നിട്ടും, കറുത്ത രാത്രിയിലെ വേട്ടയാടുന്ന സ്വപ്നങ്ങൾ പോലെ, പകലും രാത്രിയും ഭൂതകാലത്തിന്റെ ഉണങ്ങാത്ത മുറിവുകൾ അവനെ കുത്തിനോവിച്ചുകൊണ്ടിരുന്നു.
എങ്കിലും രവി ഒരുപാട് ഭേദപ്പെട്ട മനുഷ്യനായി മാറിയിരിക്കുന്നു. ഇനി കുറച്ചുകൂടി മാറാനുമുണ്ട്.
മനുഷ്യനെ പച്ചയായി നിർത്തുന്നത് അവന്റെ ബിരുദങ്ങളോ മതചിഹ്നങ്ങളോ അല്ല; അവൻ ഏറ്റുവാങ്ങിയ മുറിവുകളാണ്. ആ മുറിവുകളെക്കുറിച്ചുള്ള ശരിയായ ചിന്തകളാണ്, വിചിന്തനങ്ങളാണ്.
“പഠേ… പഠേ…”
മേശയിൽ അടിക്കുന്ന ശബ്ദവും അതിനൊപ്പമുള്ള തമിഴന്റെ അലർച്ചയും രവിയെ വർത്തമാനകാലത്തിന്റെ ബോധമണ്ഡലത്തിലേക്ക് തിരികെ കൊണ്ടുവന്നു.
“ശീഘ്രം തുടയ്ക്കെടാ!”
തമിഴൻ മലയാളം തമിഴിൽ പറഞ്ഞു.
രവി മേശ വൃത്തിയായി തുടച്ചു. അടുക്കളയിൽ ചെന്ന് പാത്രങ്ങളെല്ലാം കഴുകി. എല്ലാ മേശകളിലും വെള്ളം കൊണ്ടുവച്ചു. വീണ്ടും അടുത്ത ജോലിയിലേക്ക് തിരിഞ്ഞു.
ഇതേ കാര്യങ്ങളുടെ ആവർത്തനമായിരുന്നു അവന്റെ ഓരോ ദിവസവും.
ഏഴ് മാസം മുമ്പ് രവി എങ്ങനെയായിരുന്നു എന്ന് ഓർക്കാൻ അവന് താൽപര്യമില്ലായിരുന്നു. ഏഴ് വർഷം മുമ്പ് എങ്ങനെയായിരുന്നു എന്നത് ഓർക്കാൻ അയാൾക്ക് അതിലും മടിയായിരുന്നു.
എങ്കിലും കഥയുടെ പ്രയാണത്തിൽ അതെല്ലാം ചുരുളഴിയേണ്ടതുണ്ട്. അവന്റെ മുന്നിൽ അത് ഒരു തിരശ്ശീലയിൽ എന്നപോലെ പതിയെ കഴിഞ്ഞ കാലം അവതരിപ്പിക്കപ്പെടണം.
മുഖം മറയ്ക്കാതെ കവലയിലേക്ക് ഇറങ്ങാൻ പോലും പ്രയാസപ്പെട്ടിരുന്ന കാലം.
കാണുന്നവരെല്ലാം കൈ നീട്ടി കടം വാങ്ങിയ പണം എപ്പോൾ തിരികെ നൽകുമെന്ന് കോളറിൽ പിടിച്ച് ചോദിച്ചിരുന്ന കാലം.
കടം കൊണ്ട് കഴുത്തോളം മുങ്ങിനിന്ന ഒരു ദിവസം.
സകല പിടിവള്ളികളും തീർന്നപ്പോൾ, മോട്ടിവേഷണൽ സ്പീക്കർമാർ പറയുന്നതുപോലെ, “ഒൻപതാമത്തെ വാതിലും അടഞ്ഞപ്പോൾ അവൻ തനിയെ പത്താമത്തെ വാതിൽ തുറന്നു.”
രാത്രിയുടെ യാമങ്ങളിൽ മുക്കറ്റിപ്പാടം എന്ന ഗ്രാമം മയങ്ങിക്കിടക്കുമ്പോൾ, അപരിചിതമായ ഒരു വണ്ടി വന്നു. ആ വണ്ടിയിൽ കയറി തമിഴ്നാട്ടിലെ ഒരു തെരുവോരത്ത് എത്തിയാണ് ആ യാത്ര അവസാനിച്ചത്.
പറഞ്ഞുപഴകിയ സിനിമാക്കഥകളെ ഓർമിപ്പിക്കുന്ന വിധത്തിൽ രവി പുതിയ ജീവിതം ആരംഭിച്ചു.
ആദ്യം കുതിരയെ കുളിപ്പിക്കുന്ന ക്ലീനറായി. പിന്നീട് പച്ചക്കറിച്ചന്തയിൽ ചുമട്ടുതൊഴിലാളിയായി. അവസാനം ഇപ്പോൾ ഈ ഹോട്ടലിൽ വെയിറ്ററായി.
അങ്ങനെ, അനുദിന ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു അവൻ.
അവൻ പിന്നിലാക്കി പോന്നത് തന്റെ കഴിഞ്ഞകാല ജീവിതം മാത്രമല്ല; ആ ജീവിതത്തിലെ കഥാപാത്രങ്ങളെയും കൂടിയാണ്.
അമ്മ.
ഭാര്യ.
പറക്കമുറ്റാത്ത രണ്ട് കുരുന്നുകൾ.
അവരെക്കുറിച്ച് ആലോചിച്ചാൽ സങ്കടവും കുറ്റബോധവും നിരാശയും വന്നുചേരും. അതുകൊണ്ടുതന്നെ അത്തരം ചിന്തകൾക്ക് അവൻ മുതിർന്നില്ല.
അവന് വേണ്ടത് മാത്രം ആലോചിക്കാനും ചിന്തിക്കാനും കഴിയുന്ന ജീവിതമായിരുന്നു അത്. അല്ലേലും, മിക്ക പുരുഷന്മാരും അങ്ങനെയാണല്ലോ.
⸻
ഏഴ് വർഷം മുമ്പ്…
വർഷം 2019.
കൃത്യമായി പറഞ്ഞാൽ, രവിയുടെ പാലായനത്തിന് ഏഴ് വർഷം മുമ്പ്.
കിളികളും പുഴകളും ശബ്ദിച്ചിരുന്ന മുക്കറ്റിപ്പാടം എന്ന ഗ്രാമത്തിൽ, മുല്ലപ്പൂവിന്റെ സുഗന്ധത്തോടൊപ്പം രുചികരമായ ആഹാരത്തിന്റെ സുഗന്ധവും പരന്നിരുന്നു.
രുചി കാറ്ററിങ്സ്
പ്രൊപ്രൈറ്റർ: രവി മോഹൻ
പല ഇടങ്ങളിൽ ജോലി ചെയ്ത് നേടിയ അനുഭവങ്ങളും ഭാര്യയുടെ ആഭരണങ്ങളുമായിരുന്നു അവന്റെ മൂലധനം.
സേവനം കൊണ്ടും പെരുമാറ്റം കൊണ്ടും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ലൊരു പേരും പ്രശസ്തിയും നേടാൻ രവിക്ക് സാധിച്ചു.
പൊതുവെ നിഷ്കളങ്കനും മാനുഷികപരിഗണന മറ്റെന്തിനേക്കാളും കൂടുതലുള്ളവനുമായിരുന്നതുകൊണ്ടുതന്നെ, അവനെ മുതലെടുക്കാനും ചൂഷണം ചെയ്യാനും ഒരു സംഘം തന്നെയുണ്ടായിരുന്നു.
ചെലവിന്റെ പേരിൽ രവി നഷ്ടപ്പെടുത്തിയ തുകയ്ക്ക് ഇന്നോളം കണക്കില്ല.
മരണാനന്തര ചടങ്ങുകൾ, കല്യാണങ്ങൾ, പിറന്നാൾ പാർട്ടികൾ, ഗൃഹപ്രവേശനങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ഓരോ മാസവും വന്നുകൊണ്ടേയിരുന്നു.
എന്നിട്ടും രവിയുടെ പോക്കറ്റ് നിറഞ്ഞിരുന്നില്ല.
അതിന് പല കാരണങ്ങളുമുണ്ടായിരുന്നു.
അഡ്വാൻസ് കൊടുത്ത് പരിപാടി കഴിഞ്ഞപ്പോൾ ബാക്കി തുക നൽകാതെ പറ്റിച്ചവരുടെ എണ്ണം കൂടിവന്നു.
ബാക്കപ്പിനായി മറ്റൊരു പദ്ധതി കണ്ടെത്താത്ത സാഹചര്യത്തിൽ ആ ബിസിനസ് തകരുമെന്നത് സംശയമില്ലാത്ത കാര്യമായിരുന്നു.
അല്ലെങ്കിലും, രവിയെപ്പോലെ നിഷ്കളങ്കനായ ഒരാൾക്ക് ഒരു ബിസിനസും ചേരില്ല.
കുശാഗ്രബുദ്ധിയും അല്പം കാർക്കശ്യത്തിന്റെയും അച്ചടക്കത്തിന്റെയും വേരോട്ടമുള്ളവർക്കേ ഏത് സംരംഭവും വിജയിപ്പിച്ചെടുക്കാൻ സാധിക്കൂ എന്ന് രവി തന്റെ ജീവിതംകൊണ്ട് തെളിയിച്ചു.
വളർച്ചയിൽ ഒപ്പം നിന്നവർ തകർച്ചയിൽ കൂടെയുണ്ടാകില്ല എന്ന ലോകസത്യം രവി വളരെ വലിയ വേദനയോടെ മനസ്സിലാക്കി.
കടവും പിന്നീട് കൊറോണയും.
അങ്ങനെ രുചി കാറ്ററിങ്സ് എന്ന പ്രസ്ഥാനം മൂക്കുംകുത്തി നിലത്തുവീണു.
പണിക്കാർ കൊണ്ടുപോകാതെ ബാക്കിവന്ന ചില പാത്രങ്ങളും പണിയായുധങ്ങളും വിട്ട് കുറച്ച് പണം സ്വരൂപിച്ചെങ്കിലും, അത് ആകെക്കടത്തിന്റെ ഒരുഭാഗം പോലും ആയിരുന്നില്ല.
പലചരക്കുകടയിൽ, പെട്രോൾ പമ്പിൽ, ഗ്യാസ് ഏജൻസിയിൽ തുടങ്ങി നിരവധിയിടങ്ങളിൽ ഇനിയും പണം ധാരാളം അടയ്ക്കാനുണ്ടായിരുന്നു.
വീട്ടുകാരും നാട്ടുകാരും ഒരുപോലെ എതിർത്തപ്പോൾ, സ്വയം കഴിവുകെട്ടവനായി പോയി എന്ന തോന്നലിൽ രവി തകർന്നുപോയി.
എങ്കിലും, ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ടോ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പലരെയും സഹായിച്ചതുകൊണ്ടോ, പ്രപഞ്ചശക്തികൾ അവനെ പഴനിയിൽ എത്തിച്ചു.
അവിടെ അവൻ ഒരു പുതിയ മനുഷ്യനായി.
ജീവിതത്തിന്റെ നാൽപ്പതുകളിൽ പഠിക്കേണ്ട പല പാഠങ്ങളും ഏകദേശം മനസ്സിലാക്കിക്കഴിഞ്ഞു എന്ന നേരത്താണ് പെട്ടെന്ന് ഒരു പരിചിത മുഖം അവനെ തേടി പഴനിയിലെത്തിയത്.
ഹോട്ടലിൽ മേശ തുടയ്ക്കുന്ന രവിയെ കണ്ടപ്പോൾ അയാൾ സങ്കടത്തോടെ ഓടിയെത്തി അവനെ കെട്ടിപ്പിടിച്ചു.
പിന്നെ അവനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
പുറത്ത് അരയാൽവേപ്പിന്റെ തണലിൽ വൃത്തിയാക്കിയ ഒരു ഇരിപ്പിടത്തിൽ രണ്ടുപേരും ഇരുന്നു.
പറയാൻ വാക്കുകൾ കിട്ടുന്നില്ല.
കണ്ണുനീർ കവിഞ്ഞൊഴുകി.
ദീർഘനിശ്വാസം എടുത്ത് രവിയുടെ മുഖത്തേക്ക് നോക്കി നാട്ടുകാരനായ അജയൻ പറഞ്ഞു:
“രവി, ഞാൻ പറയുന്നത് മുഴുവൻ ശ്രദ്ധിച്ച് കേൾക്കണം.
എന്റെ പേര് അജയൻ.
ഒരുപക്ഷേ, നിനക്ക് എന്നെ ഓർമയുണ്ടാകില്ല.
ഞാൻ മുക്കറ്റിപ്പാടത്തുള്ള ആളാണ്.
എന്റെ പെങ്ങളുടെ വിവാഹത്തിന് സദ്യ വിളമ്പിയത് രവിയുടെ രുചി കാറ്ററിങ്സായിരുന്നു.
400 പേരുടെ സദ്യയാണ് ഞങ്ങൾ പറഞ്ഞിരുന്നത്.
എന്നാൽ ഞങ്ങൾ പ്രതീക്ഷിക്കാത്തത്ര ആളുകൾ വന്നു. അതിന്റെ ഇരട്ടിയോളം വിരുന്നുകാരായി.
എന്നിട്ടും എല്ലാവർക്കും ഭക്ഷണം നൽകി. ഒരു രൂപ പോലും ഞങ്ങളോട് അധികം ആവശ്യപ്പെട്ടില്ല.
അന്ന് എന്നെയും എന്റെ കുടുംബത്തെയും വലിയൊരു അപമാനത്തിൽനിന്ന് രവി രക്ഷിച്ചു.
അന്ന് വന്ന് പറയാനോ കൂടുതൽ പണം നൽകി സഹായിക്കാനോ എനിക്ക് കഴിയാത്ത അവസ്ഥയായിരുന്നു.
ഉടൻതന്നെ ഞാൻ ജോലി കിട്ടി മാൾട്ടക്ക് പോയി.
അവിടെ പല ജോലികളും ചെയ്തു. ബിസിനസ് നടത്തി. പതിയെ നിവർന്നുനിൽക്കാവുന്ന ഒരു അവസ്ഥയിലെത്തി.
അങ്ങനെ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് രവിയുടെ കഥ മുഴുവനും ഞാൻ അറിഞ്ഞത്.
എന്റെ വീട്ടുകാർ ഇപ്പോഴും നിറഞ്ഞ കണ്ണുകളോടെയല്ലാതെ രവിയെ ഓർക്കാറില്ല.
അതുകൊണ്ട് അന്ന് ഞാൻ ചെയ്യാതെ പോയതിന് പ്രായശ്ചിത്തം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.
ഇതുവരെയും രവിക്കുണ്ടായിരുന്ന കടം മുഴുവനും ഏകദേശം മുപ്പത് ലക്ഷം രൂപയോളം വരും. ഞാൻ ബാങ്കിൽ അന്വേഷിച്ചു.
അത് മുഴുവനും ഞാൻ വീട്ടിത്തരാം.
എന്നിട്ട് രവി പഴയതുപോലെ കാറ്ററിങ് തന്നെ നടത്തണം.
രവി നാട്ടിൽ വേണം.”
രവിയുടെ ചിന്തകളിലും ബോധമണ്ഡലത്തിലും ഒരു വെള്ളിവെളിച്ചം ഒഴുകുന്നതുപോലെയാണ് അവന് അനുഭവപ്പെട്ടത്.
കേട്ടതൊന്നും വിശ്വസിക്കാനായില്ല.
എന്ത് തീരുമാനം എടുക്കണമെന്ന് പറയുവാൻ മനസ്സ് പാകപ്പെട്ടിട്ടുമില്ല.
നിറകണ്ണുകളോടെ അജയനെ നോക്കിയ രവിയുടെ ദൃഷ്ടി പതിഞ്ഞത് അവന്റെ പിന്നിൽ ഉയർന്നുനിൽക്കുന്ന മലയിൽ എഴുതിവെച്ചിരിക്കുന്ന “വേൽ മുരുകൻ” എന്ന ദൈവനാമത്തിലായിരുന്നു.
വിറയാർന്ന കൈകളോടെ രവി അജയന്റെ കൈകളിൽ പിടിച്ചു.
“ദൈവമേ… നന്ദി.
എന്നെ വന്ന് കാണാനും ഇതൊക്കെ ഓർമിപ്പിക്കാനും എന്നെ സഹായിക്കാനും കാണിച്ച മനസ്സിന് ഒത്തിരി നന്ദി.
പണം വേണ്ടെന്ന് പറഞ്ഞ് അഹങ്കാരം കാണിക്കാവുന്ന ഒരു മാനസികാവസ്ഥയിൽ അല്ല ഞാൻ.
ഞാൻ ഇരു കൈകളും നീട്ടി അത് സ്വീകരിക്കുന്നു.
പക്ഷേ, ഇനി നിങ്ങളുടെ ഉടമസ്ഥതയിൽ നടത്തുന്ന കാറ്ററിങിൽ ഞാൻ മാനേജരായി സേവനം ചെയ്തുകൊള്ളാം.
അങ്ങനെ കാലങ്ങൾകൊണ്ട് ഈ കടം ഞാൻ വീട്ടിക്കൊള്ളാം.
മറ്റൊന്നിനും എന്നെ നിർബന്ധിക്കരുത്.
എനിക്കത് സാധിക്കില്ല.
എന്റെ ആത്മാഭിമാനത്തെയും അങ്ങ് പരിഗണിക്കുമല്ലോ.
ഇനി ഇതുമൂലം അങ്ങയുടെ തീരുമാനത്തിൽനിന്ന് അങ്ങ് പിന്മാറിയാലും എനിക്ക് സന്തോഷം മാത്രമേയുള്ളൂ.
വന്ന് എന്നെ ആശ്വസിപ്പിക്കുകയും ഇത്രയും പറയുകയും ചെയ്തുവല്ലോ.”
അജയൻ ഒന്നും പറഞ്ഞില്ല.
അവൻ രവിയുടെ കൈ മുറുകെപ്പിടിച്ചു.
⸻
2026 ഡിസംബർ
മുക്കറ്റിപ്പാടം ഗ്രാമം.
ഇന്ന് അജയന്റെ കാറ്ററിങ്സിന്റെ ഉദ്ഘാടന ദിവസമാണ്.
ഉദ്ഘാടനം അജയന്റെ പിതാവ് ശ്രീകണ്ഠൻ നിർവഹിച്ചു.
സ്ഥാപനത്തിന്റെ നടത്തിപ്പവകാശം രവിക്കായിരുന്നു.
കഴിഞ്ഞുപോയതെല്ലാം ഒരു കെട്ടുകഥയായിരുന്നോ, അതോ ഒരു സ്വപ്നമായിരുന്നോ എന്ന് തിരിച്ചറിയാനാകാതെ രവിയുടെ ഭാര്യയും മക്കളും അവനെ നോക്കിനിന്നു.
ഏഴ് വർഷത്തെ വിചിത്രമായ യാത്രയുടെ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചുകൊണ്ട് രവിയുടെ കഥ തുടരുകയായിരുന്നു.
ചില യാത്രകൾ നമ്മെ കൊണ്ടുപോകുന്നത് നമ്മൾ ആരാണെന്ന് തിരിച്ചറിയാനാണ്.






