Saturday, September 6, 2025

നിലാവ് | MALAYALAM STORY

                             



നിലാവ്
 

 ഒരു നിലാവുള്ള രാത്രിയിൽ, വഴിവക്കിൽ മിണ്ടി നിന്നിരുന്ന  രണ്ട് സുഹൃത്തുക്കൾ കുറെ നാളായുള്ള അവരുടെ ആഗ്രഹം പങ്കു വെച്ചു. അത് തോട്ടുവക്കിലുള്ള തങ്കപ്പനാശാന്റെ വീട്ടു മുറ്റത്തുള്ള തെങ്ങിൽ കയറി കള്ള് കുടിക്കണം . ചെത്തുകാരൻ മണിയൻ വൈകിട്ട് മാട്ടത്തിൽ നിന്ന് കള്ള് എടുക്കില്ലെന്ന അവർക്ക് അറിയാം. തങ്കപ്പനും ബുദ്ധിയ്ക്ക് ലേശം കുറവുള്ള സനിൽ എന്ന മകനും ഉറങ്ങാൻ കാത്തിരുന്നു.  ആ പുരയിലെ പെണ്ണുങ്ങൾ - തങ്കപ്പന്റെ ഭാര്യയും മകളും - നേരത്തെ കിടന്നു കാണും. 


അവർ ഇരുളിന്റെ മറവിൽ പടിപടിയായി നടന്നു. തെങ്ങിൽ ഒരു തലപ്പ് ഇട്ടു കയറുകയിരുന്നു ഉദ്ദേശ്യം.  രാത്രിയുടെ നിശ്ചലതയിൽ സനിലിന്റെ  ചെവിയിൽ  ഒരു അസാധാരണ ശബ്ദം കേട്ടു. കൗതുകത്തോടെ വ യറൊപ്പം കെട്ടിയ മുണ്ടും താങ്ങി പിടിച്ച് അവൻ പുറത്തേക്ക് വന്നു നോക്കി. ഇരുട്ടിൽ ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് വിക്കി ചോദിച്ചു..... "ആരാ ... ആരാ അത് "


അവന്റെ ശബ്‍ദം കേട്ട്  സുഹൃത്തുക്കൾ പേടിച്ചു. അവൻ ഒച്ച വെച്ചു ആളെകൂട്ടിയാൽ ആകെ നാറും.  രക്ഷപ്പെടാൻ ഉള്ള വഴി അത് തന്നെ.  ഒരുവൻ   വലിയ ചീങ്കല്ല് എടുത്തു എറിഞ്ഞു. പിഴയ്ക്കാത്ത ഉന്നം. ചങ്കിൽ തറച്ചു. സനിൽ നിലത്തു വീണു... ഭാഗ്യം വീട്ടുകാർ ആരും ഉണർന്നില്ല.  രക്തം വാർന്നു, സനിൽ ഉറക്കെ കരയാൻ ആവാതെ നീറി നീറി ഉമ്മറത്തുള്ള തൂണിൽ പിടിച്ചു നിന്നു.  അതിനിടെ, അവർ കള്ള് മാട്ടവും പിടിച്ച് , ഇരുട്ടിലേക്ക്  ഓടി. സനിൽ കണ്ടു കാണുവോ എന്നുള്ള ഉൾപ്പേടി രണ്ടു പേരെയും പിന്തുടർന്നു. അവൻ ഒരു പാവം ചെക്കൻ... ഇരുപതിൽ താഴെ പ്രായം... ഇവർ അല്ലതെ ആരും അവനു മിണ്ടാൻ പോലും ഇല്ല.... സ്വന്തം മുഖം മറയ്ക്കാൻ എന്ത് ഹീന പ്രവർത്തിയും ചെയ്‌യുന്നവനാണല്ലോ മനുഷ്യർ. എന്റെ പേരിനു കളങ്കം വരുത്താൻ ഒന്നും കാരണമാകരുത്. അവനിലുണ്ടായ മുറിവും വേദനയും ഇവരെയും വേട്ടയാടി.  എങ്കിലും കള്ള് കിട്ടിയതിന്റെ ആവേശത്തിൽ ആ കാര്യം മറന്നു... ഒരുവന്റെ ആഗ്രഹ നിർവൃതിയിൽ  അത്അ മൂലം ഉണ്ടായ അ പരന്റെ സങ്കടം വിസ്‌മൃതിയിൽ ആഴും. അവർ രണ്ടു പേരും  ഒരു വലിയ പാറയുടെ മീതെ ഇരുന്ന്, മോഷ്ടിച്ച കള്ള് തുറന്ന് കുടിക്കാൻ തുടങി... കള്ളിന്റെ മണം അവരെ കൂടുതൽ ആകർഷ്ട്ടരാക്കി.  

സംഭവിച്ചത് മറിച്ചായിരുന്നു... 

രക്തം വാർന്ന നിലയിൽ സനിലും അവരെ പിന്തുടർന്ന്  അവിടെത്തിയിരുന്നു. നിലാവിന്റെ വെള്ളി വെളിച്ചത്തിൽ അവരുടെ മുഖം മനസ്സിലാക്കിയ സനിൽ  ചോദിച്ചു: ഓഹോ, അത് നിങ്ങൾ ആയിരുന്നല്ലേ.... ഇന്ന് പകൽ കൂടി നമ്മൾ കണ്ടതല്ലേ.... നാളെയും നമ്മൾ കാണില്ലേ ... പിന്നെ എന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്തത്?

എന്നോട് ചോദിച്ചിരുന്നെങ്കിൽ, അപ്പന്റെ അറിവില്ലാതെ ഞാൻ അത് തന്നെനെലോ..."


ഈ വാക്കുകൾ മിന്നലടിപോലെ അവരുടെ  മനസ്സിൽ ഇടിച്ചു.

കൈകളിലെ കള്ള്‌ കുടിക്കാൻ തോന്നിയില്ല.

കണ്ണുകളിൽ നനവ് പടർന്നു നിറഞ്ഞു. കുടത്തിലെ കള്ളല്ല, നെഞ്ചിലെ തട്ടിയ സ്നേഹമാണ് ഇപ്പൊ മത്തു പിടിപ്പിക്കുന്നത്. 


അവർ എഴുന്നേറ്റ് അവനെ  ചേർത്ത് പിടിച്ചു. കുറ്റബോധത്തിന്റെ ഭാരത്തിൽ മുങ്ങി അവർ കരഞ്ഞു. പിന്നീട്, പാപബോധത്തിന്റെ കണ്ണുനീരും സൗഹൃദത്തിന്റെ കരുതലും ചേർന്ന് — അവർ തോളോട് ചേർന്ന് , നീല നിറമുള്ള ആകാശത്തിലെ നക്ഷത്രങ്ങൾ നോക്കി കള്ള് കുടിച്ചു.... ഗ്രാമം ഉറങ്ങുമ്പോൾ, നിലാവിന് കീഴെ, ആ വയലുകൾക്ക് മീതെ, തെങ്ങിൻ കുലകൾക്ക് മീതെ, കരിമ്പാറയ്ക്ക് മീതെ,  സ്നേഹത്തിന്റെ  പുതിയ ഗാനം പടർന്നു.

No comments:

Post a Comment