Wednesday, February 22, 2017

നിഴല്‍

         

നിഴല്‍

        വർണ്ണവിവേചനം ഏർപെടുത്താത്ത അസ്ഥിതത്വത്തിന്റെ അടയാളമാണ് നിഴൽ. വലിയവെനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ കാലമനുസരിച്ച് നിന്നെ അടയാളപ്പെടുത്തുന്ന ദൈവത്തിന്റെ വരകളാണ് അവ. നിഴൽ പോലും കൂട്ടിനില്ലാത്ത കാലം ഉണ്ടെന്നത് അപകട സൂചനയാണ്. ഏകനാകും എന്നത് തന്നെ. ചിന്തകളും ശരികളും സൗഹൃദങ്ങളും ഒന്നും ഉണ്ടാവില്ല. അധി കഠിന മാനസികവ്യഥകളിലൂടെ കടന്ന് പോയപ്പോൾ ക്രിസ്തുവിനും സംഭവിച്ചത് അത് തന്നെ , കൂട്ടായി നിഴൽ പോലെ നടന്നവർ ഓടി ഒളിച്ചു. ഗത് സമനിന്റെ ഇരുളിൽ, കുരിശിന്റെ നിഴൽ വീണ രാത്രിയിൽ ആശ്വാസം നൽകിയത് നിഴലുകൾ ഇല്ലാത്ത ദൂത്മാർ തന്നെ.


                   അല്പം പ്രകൃതി സ്നേഹത്തോട് കൂടെ ചിന്തിക്കുമ്പോൾ നിഴലുകൾ ഇല്ലാത്ത കാലം എന്നത് ഭാരപ്പെടുത്തുന്ന ഭാവനയാണ്. വഴിയോരങ്ങളിൽ, പുഴവക്കിൽ , ആശ്വാസം  നൽകി യിരുന്ന തണലുകൾ എവിടെയോ മറഞ്ഞിരിക്കുന്നു. സ്വാന്തനത്തിന്റെ തണൽമരങ്ങൾ നാം മുറിച്ച് മാറ്റിയിരിക്കുന്നു. ഇല്ല ഒട്ടും മാപ്പില്ല.. ഈ തലമുറയിലുള്ളവരുടെയും വരും തലമുറയിലുള്ളവരുടെയും മാപ്പ് അവർ അർഹിക്കുന്നില്ല.  അത്ര കാര്യമായി ജീവിതത്തെ കാണാൻ സാധിക്കാത്തത് കൊണ്ടാവാം നമ്മുടെ പാതയോരങ്ങളിൽ നിന്ന് തണലുകൾ അപ്രത്യക്ഷമാകുന്നത്. ടാഗോർ പറഞ്ഞത് ഓർക്കുക, " താൻ ഒരിക്കലും അതിന്റെ തണലിൽ ഇരിക്കാൻ പോകുന്നില്ല എന്ന് അറിഞ്ഞിട്ടും ഒരാൾ മരം നടുന്നുണ്ടെങ്കിൽ അയാൾ ജീവിതം എന്തെന്ന് മനസ്സിലാക്കിയിരിക്കുന്നു."
എന്തെന്നാൽ നിഴൽ അത്ര നിസ്സാര കാര്യമല്ല എന്നത് തന്ന, സൗഖ്യമാക്കപ്പെട്ട ഹെസക്കിയാ രാജാവിന് ദൈവം നൽകിയ അടയാളം പത്തടി പിന്നോട്ട് മാറിയ നിഴൽ തന്നെ.  വെളിച്ചത്തെ ഇരുളിൽ    നിന്ന് വേർതിരിച്ചത് മുതൽ വെളിച്ചത്തെ പിന്തുടരുന്നതാണ് നിഴലിന്റെ ജീവിതക്രമം. മരുഭൂമിയിൽ അലഞ്ഞ പഴയ നിയമ ജനതയുടെ കാര്യം ഓർമിക്കുക, അവർക്ക് ആശ്വാസം നൽകിയതും നയിച്ചതും മേഘത്തണൽ തന്നെ. ചുട്ട് പൊള്ളുന്ന കാലഘട്ടങ്ങളിലും അവൻ തെളിച്ച വഴിയോരങ്ങളിലൂടെ കടന്ന് പോകുന്നവരുടെ മേൽ ചൊരിയുന്ന ദൈവ സംരക്ഷണമാണ് നിഴൽ. ദൈവത്തിന്റെ കാരുണ്യം  !        
ആകാശം വിട്ട് പലതും ഭൂമിയിലേക്ക് വന്നതിന്റെ ഓർമ്മ പുസതകമാണല്ലോ പുതിയ നിയമം... മാലാഖമാർ മുതൽ ദൈവം വരെ. അത് കൊണ്ടാകണം മേഘങ്ങളുടെ തണലിൽനിന്ന് മാറി ആളുകളുടെ നിഴലിൽ അഭയം തേടാൻ കാരണം. തെരുവീഥികളിൽ പത്രോസിന്റെ നിഴൽ തങ്ങളുടെ മേൽ പതിയാൻ തിരക്ക് കൂട്ടിയവരെക്കുറിച്ചും അപ്പസ്തോല പ്രവർത്തനങ്ങളിൽ എഴുതിയിട്ടുണ്ടല്ലോ. എത്രയോ വിശുദ്ധ നിഴലുകൾ പതിഞ്ഞ ഭൂമിയിലാണ് ആഭിചാരതയുടെ മന്ത്രക്കളങ്ങളിൽ അശുദ്ധതയുടെ നിഴൽ യുദ്ധം നടക്കുക! 


 എല്ലാം അറിഞ്ഞു വെന്ന് വീമ്പളിക്കയ പണ്ഡിതനും തോറ്റ് പോയത് ആ പഴയ കടത്ത്കാരന്റെ മുമ്പിൽ ആണ്.  മനശാസ്ത്രജ്ഞന്മാരൊക്കെ നിഴലിനെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്, ഒരുവന്റെ അഞ്ജതയുടെ പ്രതീകമായിട്ട്. എത്രയോ ജ്ഞാനത്തിന്റെ കൊടുമുടികൾ കീഴടക്കിയിട്ടും അവന് അവനെക്കുറിച്ച് പോലും മുഴുവൻ വെളിപ്പെട്ട് കിട്ടിയില്ല എന്ന് അറിയുമ്പോൾ ഓർമ്മിക്കണം നമ്മൾ എത്രയോ നിസ്സാരരാണ്. ഞാൻ മനസ്സിലാക്കാത്ത ഒരു നിഴൽ ജീവിതം എന്റെ ഉള്ളിൽ ഉണ്ട്. എനിക്ക് നിന്നെ അറിയാം എന്നൊക്കെ വീമ്പടിക്കുമ്പോൾ ഓർക്കുക, നീ തന്നെ നിന്നെതന്നെ ശരിക്കും അറിഞ്ഞിട്ടില്ല. അങ്ങ് പടിഞ്ഞാറ് സോക്രട്ടീസ് മുതൽ ഇങ്ങ് കിഴക്ക്, ശ്രീ ആദി ശങ്കരൻ വരെ അന്വേഷിച്ചത് ഇതിന്റെ ഉത്തരമായിരുന്നല്ലോ... എന്നിട്ട് നമ്മൾ പറയും, നമുക്ക് എല്ലാം അറിയാന്ന്.... അരുത്, ചുമ്മാ മുതിരാൻ ശ്രമിക്കരുത്.. അന്വേഷണത്തിനൊടുവിൽ ഉത്തരത്തിൽ എത്തി ചേരുന്നത് വരെ! 

ജീവിതത്തിന്റെ നശ്വരതയെ ഓർമിപ്പിക്കാൻ ബൈബിൾ ഉപയോഗിക്കുന്ന ബിംബമാണ് നിഴൽ. നമുക്ക് നിശ്ചയിച്ചിരിക്കുന്ന കാലം നിഴൽ പോലെ കടന്ന് പോകും എന്ന് വി.ഗ്രന്ഥത്തിൽ വായിച്ചത് ഓർക്കണം. (ജ്ഞാനം :2. 5) സങ്കീർത്തകൻ വിലപിക്കുന്നതും നിഴൽ പോലെ കടന്ന് പോകുന്ന ദിനങ്ങളെ ഓർത്താണ്. എത്ര വലിയ കോട്ടകൾ ഉയർത്തിയാലും, ആകാശഗോപുരങ്ങൾ നിർമ്മിച്ചാലും, നാട് നീളെ പ്രതിമകളും സ്മാരക ശിലകളും സ്ഥാപിച്ചാലും മനുഷ്യന്റെ ദിനങ്ങൾ നിഴൽ പോലെ തന്നെ. എത്രയോ രാജാക്കന്മാർ പണി കഴിപ്പിച്ച വെണ്ണക്കൽ ശില്പങ്ങൾ തകർന്നിടത്താണ് ഞാനും നീയും ചവിട്ടി നിൽക്കുക... മണ്ണിനും പെണ്ണിനും പൊന്നിനും വേണ്ടി ഈ ഭൂമിയിൽ എത്രയോ യുദ്ധങ്ങളുടെ ശംഖൊലികൾ മുഴങ്ങിയിരിക്കുന്നു. ആരും ഒന്നും കൊണ്ട് പോയിട്ടില്ല... സർവ്വവും നശിപ്പിക്കുന്ന യുദ്ധങ്ങളുടെ സ്വഭാവം അധികം അശോകന്മാർക്കും ജന്മം കൊടുത്തിട്ടില്ല. എന്നിട്ടും നമ്മൾ സർവ്വതിനോടും നിരന്തരം  യുദ്ധത്തിലാണ്. സമാധാനത്തിന് വേണ്ടിയും യുദ്ധങ്ങൾ! എത്രയോ വിരോധാഭാസം! വെട്ടിപിടിക്കാനും അമിതമായി സ്വന്തമാക്കാനും മനസ്സ് വല്ലാതെ കൊതിക്കുമ്പോൾ ചുമ്മാ നിഴലിനെ നോക്കണം... എത്രയോ വേഗത്തിലാണ് അവ മാഞ്ഞ് പോകുന്നത്. നമ്മുടെ ആയുസ്സും അത് പോലെ തന്നെ. 


പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട  ദൂത്മാരെപ്പോലെ നിഴലുകൾ ഇല്ലാത്ത രാജ്യത്ത് വ്യാപരിക്കാൻ നിത്യ പ്രകാശമായ ദൈവം തുണയ്ക്കട്ടെ.

No comments:

Post a Comment