Tuesday, March 7, 2017

യാത്ര




യാത്ര

പാബ്ലോ നെരൂദ യുടെ ഈ വരികൾ ധ്യാന പൂർവ്വം വായിക്കേണ്ട ഒരു കവിതയാണ്.

"You start dying slowly
if you do not travel,
if you do not read,
If you do not listen to the sounds of life,
If you do not appreciate yourself.
You start dying slowly"


കവിത അങ്ങനെ നീണ്ട് പോകുന്നു. സാധാരണയിൽ നിന്ന് മാറി പുതിയ ഒരു ക്രമം രൂപപ്പെടുത്തുമ്പോഴാണ് ജീവിതത്തെ സ്നേഹിക്കാൻ തുടങ്ങുകയന്നൊക്കെ അതിന് ധ്വനിയുണ്ട്. 
ബാഹ്യമായി നമ്മൾ നടത്തുന്ന എല്ലാ യാത്രകളും ആന്തരികതയിലേക്കുള്ള വഴികളാണെന്ന് പറഞ്ഞ് തന്ന സെൻ കഥകൾ ധാരാളം ഉണ്ട് നമ്മുടെ ഓർമ്മയിൽ. അഹത്തെ കണ്ടെത്തുമ്പോഴാണ് പുറംന്തോട് പൊട്ടി മുളച്ച് പൊന്തുന്ന ചെടി പോലെ നാം വളരുക, അത് വരെയും മണ്ണിനടിയിൽ ആകാശത്തിന് വേണ്ടി കാത്തിരുന്നിങ്ങനെ.  ഒരു പാട് തിരിച്ചറിവുകൾ തരുന്ന ധ്യാനമാണ് ഒരോ യാത്രയും എന്ന് വേണം കരുതാൻ. സഞ്ചരിക്കേണ്ട വഴിയും യാത്രികനും ലക്ഷ്യസ്ഥാനവും നീ തന്നെ എന്ന ചിന്ത പകർന്ന താവോയിസവും യാത്രക്കൊടുവിൽ അഹത്തെ കണ്ടെത്തിയ ബുദ്ധനും തുടങ്ങി യാത്രയുടെ ആത്മീയത ഈ ലോകത്തോട് മന്ത്രിച്ച ഗുരുക്കന്മാർ ഏറെയുണ്ടീ ഭൂമിയിൽ.  മനുഷ്യന്‍റെ നിസ്സാരത, നശ്വരത, സംസ്കാര വൈവിധ്യങ്ങളുടെയിടയിലും തെളിഞ്ഞ് നിൽക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ , അങ്ങനെ ഒരു പാട് വെളിപാടുകൾ നൽകുന്ന തപസ്സ് പോലെ ഒരോ യാത്രയും... എല്ലാ ദേശങ്ങളിലും മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എല്ലാം സമമാണ്. യുദ്ധവും രാഷ്ട്രീയ അരാജകത്വവും രോഗങ്ങളും, കടങ്ങളും അവസാനം മരണവും, ഇതിൽ നിന്ന് രൂപപ്പെടുന്ന അസ്വസ്ഥകളും പരാതികളും എല്ലാ നാട്ടിലും ഉണ്ട്. അതിനാൽ തന്നെ പ്രശ്നങ്ങളെ പേടിച്ച് ഒളിച്ചോടിയിട്ട് ഒരു കാര്യവും ഇല്ല. പടപേടിച്ച് ഇനി ആരും പന്തളത്തിന് ബസ് കയറണ്ടന്ന് ചുരുക്കം. 
ഏസാവിനെ ചതിച്ച് നാട് വിട്ട യാക്കോബ് ചെന്ന ദേശത്ത്, അയാളെ ബന്ധുവായ ലെബാൻ ചതിക്കുന്നു, സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടിയ യോനയെ തിമിംഗലം വിഴുങ്ങി, അപ്പനെയും സഹോദരനെയും വേദനപ്പിച്ചും കബളിപ്പിച്ചും നാട് വീട്ട് പോയ ധൂർത്തനായ പുത്രനെ സുഹൃത്തുക്കൾ കബളിപ്പിച്ച് നിർധനനാക്കി.. അങ്ങനെ അവനവന്‍റെ ചെയ്തികൾക്കുള്ള പ്രതിഫലം എല്ലാ നാട്ടിലും കാത്തിരിപ്പുണ്ട്. അപ്പോൾ ഒളിച്ചോട്ടവും നാട് വിടലും  ഒരു പരിഹാരമാണോ?
ജീവിതത്തെ ഒരു യാത്രയായി ഉപമിക്കുന്ന നമ്മുടെ ആത്മീയ സംസ്കാ ത്തിൽ നിന്ന് ചിന്തിക്കുമ്പോൾ നമ്മൾ നടത്തുന്ന ചെറിയ യാത്രകൾ ആ മഹായത്രയുടെ അനുരണനങ്ങൾ തന്നെ.

യാത്രയുടെ നിയമങ്ങൾ ഏറ്റവും മനോഹരവും അർത്ഥവത്താക്കിയും പറഞ്ഞ ഗുരു യേശു തന്നെ. അപ്പമോ, വടിയോ, സഞ്ചിയോ, കരുതാണ്ട് വേണം നി യാത്ര പോകാൻ എന്ന് ഓർമിപ്പിക്കുന്നുമുണ്ട്. ദൈവാശ്രയത്വം എന്ന പുണ്യമാണ് ഒരോ ജീവിതയാത്രയേയും സുന്ദരമാക്കുന്നത്.  പുണ്യങ്ങൾ പൂക്കേണ്ട വസന്തകാലമാകണം യാത്രകൾ. ജീവിത സായാഹ്നത്തിന്റെ ശിശിരകാലങ്ങളിൽ കൂട്ടായി ആ ഓർമ്മകളും പുണ്യങ്ങളും ആത്മാവിൽ ആനന്ദം നിറക്കും.
സഹയാത്രികനോട് കാട്ടേണ്ട മര്യാദയെക്കുറിച്ച് കൂടി ഒരു കരുതൽ ഉണ്ടാവണം. നല്ല സമരിയാക്കാരന്‍റെ കഥ ഈ രീതിയിൽ കൂടി ഒന്ന് വായിക്കണം.' വീണ് പോയ യാത്രയിൽ കരം പിടിച്ച് ജീവന്‍റെ കൂടാരത്തിലേക്ക് അവനെ വഹിച്ചത് മറ്റൊരു യാത്രികനാണ്. സഹജീവികളോടുള്ള കരുണയും കരുതലും അണയാത്ത ദീപം പോൽ കൊണ്ട് നടക്കേണ്ട തീർത്ഥാടനമാണ് ജീവിതയാത്രകൾ. അങ്ങനെ, ഒരോ യാത്രക്കിടയിലും പരിപാലനയുടെ ദൈവകരം നമുക്ക് വെളിപ്പെട്ട് കിട്ടുന്നു. ഗ്രാമങ്ങൾ തോറും സഞ്ചരിച്ചത് കൊണ്ടാവണം, ക്രിസ്തുവിന്റെ കഥകളുടെ പൊരുൾ എല്ലാ ദേശക്കാർക്കും എല്ലാ കാലങ്ങളിലുള്ളവർക്കും ഒരുപോലെ ഉതകുന്നതായത്.  എല്ലാ കാലങ്ങളിലും സംസ്കാരങ്ങളിലും മനുഷ്യൻ പോരാടിയത് മണ്ണിനും പെണ്ണിനും അധികാരത്തിനും വേണ്ടി ആയിരിന്നുവെന്നാണ് ചരിത്രാന്വോഷകരുടെ നിരീക്ഷണം.  അതിനാൽ തന്നെ സമ്പത്തിന്റെ നശ്വരതയേക്കുറിച്ച് ഗുരു ആവർത്തിക്കുന്നുണ്ട്. യാത്രയിൽ കണ്ട പല തിനെയും അവൻ ബിംബമാക്കിയാണ് കഥകൾ പറഞ്ഞത്. വയലിലെ ലില്ലിയും പറവകളും, അത്തിമരങ്ങളും കടുകും അങ്ങനെ വഴിയോര കാഴ്ച്ചകൾ ഏറെ ഉണ്ട് സുവിശേഷത്തിൽ. 

വി.ഗ്രന്ഥത്തിൽ ഒരു പുസ്തകം തന്നെ യാത്രയേക്കുറിച്ചാണല്ലോ. കാനാൻ ദേശംതേടി, മരുഭൂമിയിലൂടെ യാത്ര ചെയ്ത ഇസ്രയേൽ ജനത്തിന്‍റെ പുറപ്പാട്. നമ്മുടെ ജീവിതവും ഒരു തരത്തിൽ ഒരു പുറപ്പാടല്ലേ? ഗുരുക്കമാരുടെയും ആദ്ധ്യാത്മിക നേതാക്കന്മാരുടെയും കരം പിടിച്ച് ആരംഭിച്ച്‌    ഇടയിൽ വച്ച് നമ്മൾ അവരോട് ഇടർച്ചയിലായി. വാഗ്ദാനങ്ങളും സഹായഹസ്തങ്ങളും വെറും പൊള്ളയാണെന്ന് തെറ്റിദ്ധരിച്ച് നാം അവരോട് അകലം പാലിച്ചു. പ്രതിബന്ധങ്ങളുടെ ചെങ്കടലിലും സഹനത്തിന്റെ മരുഭൂമി യാത്രക്കിടയിലും നമ്മൾ അവരോട് കലഹിച്ചു. ദൈവകാരുണ്യത്തിന്റെ മേഘ തണലും മന്നയുടെ സുകൃതവും സംരക്ഷണവും അനുഭവിച്ചിട്ടും അധാർമികതയുടെ ഇറച്ചി പാത്രങ്ങൾക്ക് വേണ്ടി വാദിച്ചു. കരിം പാറയിൽ നിന്ന് സമൃദ്ധമായ ജലമെന്നപ്പോലെ നമ്മുടെ ജീവിതത്തിലേക്ക് ദൈവം തന്ന ഐശ്വര്യങ്ങളുടെ നീർച്ചാലുകളെ സൗകര്യപൂർവ്വം മറന്നു. അങ്ങനെ, മറ്റൊരു പുറപ്പാടായി, നമ്മളീ മരുവിൽ കൂടാരങ്ങൾ മാറ്റി മാറ്റി യാത്ര തുടരുന്നു. കാനാൻ ദേശം ഇനിയും സംവത്സരങ്ങൾ അപ്പുറെ. ജീവനില്ലാത്ത വിഗ്രഹങ്ങളിൽ നിന്ന് (അത് പണമോ, മണ്ണോ, ബന്ധങ്ങളോ, ശീലങ്ങളോ ) മുഖം ഉയർത്തണം. ജീവനുള്ള ദൈവത്തെ സ്തുതിക്കണം. പരസ്പരം കലഹിച്ചും പഴി പറഞ്ഞും യാത്രയുടെ സുഖം കളയാതെ സ്നേഹത്തിന്റെ കരങ്ങൾ കോർത്ത് വേണം ഇനിയും സഞ്ചരിക്കുവാൻ. ക്ഷമയുടെയും വിട്ട് കൊടുക്കലിന്റെയും മനോഭാവങ്ങൾ കൈവരിക്കണം. അപ്പോൾ നാം തിരിച്ചറിയും ഈ ഇടമാണ് കാനാൻ. അന്ധതയുടെ ചെതുമ്പുലുകൾ അടർന്ന് വീഴട്ടെ ! 

ഈശ്വരനെതേടി നടന്ന ആ പഴയ അന്വേഷിയെക്കുറിച്ചുള്ള ഗാനം എത്രയോ തവണ നാം കേട്ടിരിക്കുന്നു. യാത്രക്കൊടുവിൽ അയാൾ കണ്ടെത്തുന്ന സത്യമാണ് തിരിച്ചറിവ്. യഥാർത്ഥത്തിൽ ഒരോ യാത്രയും അവസാനിക്കേണ്ടത് ഈ തിരിച്ചറിവിൽ ആയിരിക്കണം. സാന്റിയാഗോ എന്ന ഇടയ ബാലൻ (ആൽക്കമിസ്റ്റ് ) തന്‍റെ യാത്രക്കൊടുവിൽ എത്തിചേർന്നത് ആ തിരിച്ചറിവിലാണ്- നിധി താൻ ആയിരുന്നിടത്ത് തന്നെ. അലച്ചിലുകൾ അതിലേക്ക് എത്തിചേരാൻ നിമിത്തം ആയി എന്ന് മാത്രം. വീട് വിട്ട് അലഞ്ഞ് അകലങ്ങളിലായിരുന്നപ്പോഴാണ് ധൂർത്ത മകന് സുബോധം വന്നത്, ഏറ്റവും നല്ല സ്ഥലം താൻ ഇറങ്ങി പോന്ന സ്വഭവനം തന്നെയാണ്. അലച്ചിലുകൾക്കൊടുവിൽ ഒരുവൻ സ്വയം തിരിച്ചറിയണം, ഈ ലോകത്തിലേക്ക് വച്ച് ഏറ്റവും സുന്ദരമായ കാഴ്ച്ച എന്‍റെ പ്രിയപ്പെട്ടവരുടെ മുഖമാണെന്ന്, ഏറ്റവും സ്വാദ് വീട്ടിലെ ചമ്മന്തിക്കാണെന്ന് , അങ്ങനെ താൻ ആയിരിക്കുന്നിടം സ്വർഗ്ഗം ആകുന്നു. മറ്റൊരു കാനാൻ ആകുന്നു."ദൈവരാജ്യം നിങ്ങളുടെ ഇടയിൽ  തന്നെയുണ്ടന്ന" ഗുരു വചനം ഓർമിക്കുക.  അജ്ഞതായാൽ മൂടപ്പെട്ട കണ്ണുകൾ അറിവിന്‍റെ വെളിച്ചം കണ്ടത് ആ യാത്രയിലാണ്. എമ്മാവൂസ് യാത്രയേക്കുറിച്ച് തന്നെ. ആ യാത്രക്കൊടുവിലാണ് സഹയാത്രികൻ ക്രിസ്തുവാണെന്ന് തിരിച്ചറിഞ്ഞത്. ഗ്രാമത്തിന്‍റെ നിഷ്കളങ്കത നമുക്ക് കൂറേക്കൂടി വെളിപാട് തരും എന്ന് തോന്നുന്നു.  നല്ല യാത്രകളുടെ അവസാനം അങ്ങനെയാണ് കൂടെയുള്ളവരെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും അവനവനെക്കുറിച്ചും പുതിയ കാഴ്ച്ചപ്പാടുകൾ രൂപപ്പെടും.  ഹൃദയം ജ്വലിക്കും.

അവനവനിൽ നിന്ന് പുറപ്പെട്ട് അവന്റെ ഉള്ളിൽ ചെന്ന് അവസാനിക്കുന്ന തീർത്ഥാടനമാണ് ഒരോ യാത്രയും.

ബുദ്ധാശ്രമത്തിൽ എത്തിയ ആ യാത്രികൻ
 അമ്പരപ്പോടെ ചോദിച്ചു, 
എവിടെ അങ്ങയുടെ കസേരകൾ?
"നിന്‍റെയോ?"
"ഞാൻ യാത്രയിലാണ്..."

"ഞാനും "

2 comments: