ഞാന്‍ നിന്നോട് കരുണ കാണിച്ചത് പോലെ നീയും നിന്‍റെ സഹ സേവകനോട് കരുണ
കാണിക്കേണ്ടതായിരുന്നില്ലേ?" (മത്താ-18 :33)
നാം
പരസ്പരം പുലർത്തേണ്ട മാനുഷിക ധർമ്മമാണ് കനിവ് .എത്രയോ പേരുടെ കനിവിന്‍റെ അപ്പകഷണങ്ങൾ കൊണ്ടാണ് നാമീ ഭൂമിയിൽ അതിജീവനത്തിന്‍റെ പാതയിൽ
വ്യാപരിക്കുന്നത്. എല്ലാം ദാനമായിരിക്കെ
ദാനമല്ലഎന്ന മട്ടിൽ നിങ്ങൾ എന്തിന് അഹങ്കരിക്കുന്നു എന്ന വി.പൗലോസിന്‍റെ ചോദ്യംഎന്തുകൊണ്ടാണ് നമ്മുടെ ധാരണകളെ ഇത്രയും
ഉലയ്ക്കുന്നത്? (1 കൊറി. 4:7)
ഒന്നാമതായി,
നിസ്വാർത്ഥമായി വ്യാപരിക്കാൻ കഴിയുക എന്നതാണ് കനിവി ലേക്കുള്ള ആദ്യ ചുവട്.. വേദ
പണ്ഡിതന്മാർ നിരീക്ഷിക്കുന്നത് പോലെ, സുവിശേഷത്തിൽ വിവരിക്കുന്ന അത്ഭുതങ്ങളിൽ
ഏറ്റവും വലുത് തനിക്ക് വേണ്ടി ക്രിസ്തു ഒരു അത്ഭുതവും ചെയ്തിട്ടില്ല എന്നതാണ്.
എല്ലാ ചെയ്തികളും അപരനിലേക്ക് ഒഴുകിയ കനിവായിരുന്നു. അന്ധനും മുടുന്തനും കുഷ്ഠ
രോഗിക്കും കല്ലെറിയാൽ വിധിക്കപ്പെട്ടവൾക്കും അവൻ നൽകിയത് കനിവിന്‍റെ സുവിശേഷമായിരുന്നു. മരണം വരെയും ആ ഗുരു
പഠിപ്പിച്ചതും പ്രവർത്തിച്ചതും കനിവിന്‍റെ അക്ഷരമാലകളും പാഠങ്ങളും ആയിരുന്നു. അവിടുത്തെ
മഹത്വപൂർണ്ണമായ ഉത്ഥാനം പോലും തന്നിൽ വിശ്വസിക്കുന്നവർക്ക് വേണ്ടി ആയിരുന്നല്ലോ.
(മത്താ. 18:33) മേലങ്കി പട്ടാളത്തിന്, അമ്മയെ ശിഷ്യന്, പറുദീസ നല്ല കള്ളന്,
ആത്മാവിനെ പിതാവിനും! അങ്ങനെ സകലതും
നൽകിയാണ് ആ യാത്ര അവസാനിക്കുന്നത്.
പേരിന്
നമ്മളും തലമൂത്ത ക്രിസ്ത്യാനികൾ തന്നെ! നിന്നെ അറിയാത്ത ആർക്കാണ് ഭിക്ഷയല്ലാതെ
ദാനം ചെയ്തത്? എത്ര അന്യദേശക്കാരന് - അത് ബംഗാളിയോ, ആസ്സാമിയോ ആകട്ടെ-
വിശ്രമിക്കാൻ നിങ്ങൾ വീടിന്‍റെ ഉമ്മറം
കൊടുത്തു? ആരുമില്ലാത്ത ഒരു കുട്ടിക്ക്
ഒരു നല്ല ഉടുപ്പ് മേടിച്ച് കൊടുക്കാൻ സന്മനസ്സ് കാണിക്കാത്തവരല്ലേ നമ്മൾ? അങ്ങനെയൊക്കെ ജീവിച്ചാൽ എങ്ങനെ ചിലവ് നടത്തും
എന്ന് അടക്കം പറയുന്ന പ്രിയ വായനക്കാരാ, ലോൺ എടുത്ത് സഹായിക്കാനല്ല പറയുന്നത്,
മറിച്ച്, നിന്‍റെ ചിലവിൽ ഇതിന് കൂടി ഇടം
കണ്ടെത്തണം എന്നാണ്. പണം മുടക്കില്ലാത്ത സഹായങ്ങളും ഒരു പാട് ഉണ്ടല്ലോ നമുക്ക്
ചെയ്യാൻ. ദൈവം തന്നിരിക്കുന്ന നാണയങ്ങളെ -അത് സമയമോ, സൗകര്യങ്ങളോ, ആരോഗ്യമോ -
വിനിമയം ചെയ്യാത്തവനെ സുവിശേഷം വിളിക്കുന്നത് ദുഷ്ടനും മടിയനുംമായവൻ എന്നാണ് ..
(മത്താ.25:26)
നമുക്ക്
ചുറ്റിനും ഉള്ള കനിവിന്‍റെ പാഠങ്ങളെ
തിരിച്ചറിയുക എന്നതാണ് രണ്ടാമത്തെ കാര്യം. മിഴി പൂട്ടി സ്വജീവിതത്തെ
ധ്യാനിക്കുമ്പോൾ കനിവിന്‍റെ അന്നം തന്ന്
ജീവന്‍റെ പുൽനാമ്പുകൾ കരിയാതെ
വളർത്തിയവരുടെ രേഖാചിത്രം മനസ്സിൽ തെളിയും... അപ്പൻ, അമ്മ, സഹോദരങ്ങൾ, അയൽക്കാർ
ബന്ധുമിത്രങ്ങൾ, വഴിയിൽ വീണപ്പോൾ ജീവനെ വീണ്ടെടുത്ത നല്ല സമരിയാക്കാരായ
അന്യദേശക്കാർ, കൺകോണിലെ നനവ് കണ്ട് “കരയേണ്ട പോട്ടെ” എന്ന് പറഞ്ഞ അപിരിചിതരും പരിചിതരുംമായ
മാലാഖമാർ, കാൽക്കാശിന് ഗദ്യന്തരമില്ലാത്ത കാലത്ത് അപ്പമായും അർത്തമായും നമ്മെ
വീണ്ടെടുത്ത പ്രിയപ്പെട്ടവർ..... അങ്ങനെ എണ്ണിയാൽ കണക്ക് മാഷും തോൽക്കുന്നത്രോം
പേരുകൾ. അവരുടെ കനിവ് വറ്റാത്ത മനസ്സിന്‍റെ ഫലമാണ് നമ്മുടെയീ ജീവൻ. ഞാൻ ഞാനായതിന് പിന്നിൽ
ആയിരങ്ങളുടെ കനിവിന്‍റെ കരങ്ങൾ
ഉണ്ടായിരുന്നുവെന്ന തിരിച്ചറിവിൽ നിങ്ങൾ ലോകത്തെ വീണ്ടും കാണണം. അപ്പോൾ അരോടും
കോപിക്കാൻ തോന്നില്ല കാരണം നാളെ ഇവനാകും കനിവിന്‍റെ ഉറവ വറ്റാത്ത കണ്ണിയായി വർത്തിക്കുന്നത്.
ഓർമിക്കണം, സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കാൻ ആവശ്യപെടുന്നുണ്ട് തിരുവചനം.
(കൊളോ. 4:6) അത് പോലെ ആരുടെയും അതിര് മാന്താൻ പോകില്ല കാരണം ഇന്ന് വരെയും ആരും
ഒന്നും കൊണ്ട് പോയിട്ടില്ല, നാളെയും അങ്ങനെ തന്നെ. മൂന്നാം നാൾ മുതൽ ദുർഗന്ധം
വന്ന് തുടങ്ങും സ്നേഹിതാ, ഇപ്പോ എത്ര 'കുട്ടിക്കൂറാ' ഇട്ടാലും! നിന്നെ
അനുതാപത്തിലേക്ക് നയിക്കുകയാണ് ദൈവത്തിന്‍റെ കരുണയുടെ ലക്ഷ്യമെന്ന് നീ അറിയുന്നില്ലേ?"
എന്ന വി. പൗലോസിന്‍റെ ചോദ്യം ആരും മറന്ന്
കൂടാ. അത് പോലെ ആരെയും പുച്ഛത്തോടെ കാണാൻ കഴിയില്ല കാരണം ആർക്കും
പ്രവചിക്കാനാവാത്ത ഒരു ഭാവികാലം എല്ലാവർക്കും ഉണ്ട്. പ്രകൃതിയുടെ കനിവിനാണല്ലോ ഒരോ
പുഴുവും ശലഭമായി മാറുന്നത്. കനിവിന്‍റെ ഉറവ വറ്റാത്ത നീർച്ചാലിന്‍റെ ഇരും പുറങ്ങളിലും തളിർത്ത് നിൽക്കുന്ന സസ്യം
പോലെ നാം. ഇനിമേൽ ആരോടും പൊങ്ങച്ചം പറയാൻ നിൽക്കരുത്, ഉണ്ടെന്ന് അഹങ്കരിക്കരുത്
കാരണം, അതെല്ലാം ആരുടെയോ കനിവാണ്. അറിവും അനുഭവും സമ്പത്തും പ്രശസ്തിയും കനിവിന്‍റെ
നീർച്ചാൽ സമ്മാനിച്ച പൂക്കളാണ്. വിടരാനും
കൊഴിയാനുമൊരു കാലം. കുമാരനാശൻ വർണിക്കുന്നത് പോലെ,
"ഹാ,
പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു
രാജ്ഞി കണക്കയേ നീ
ശ്രീ
ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്‍റെ -
യാഭൂതിയെങ്ങു
പുനരെങ്ങു കിടപ്പിതോര്‍ത്താല്‍ " ( വീണ പൂവ്)
അല്പം
പ്രകൃതി സ്നേഹത്തോടെ ചിന്തിച്ചാൽ ഇന്ന് നാം ആശ്വാസം കണ്ടെത്തുന്ന തണൽ അന്ന്
ആരുടേതാണന്ന് പോലും അറിയാത്ത ഭൂമിയിൽ മരങ്ങൾ നട്ടവരുടെ കനിവല്ലേ? അങ്ങനെ എത്രയോ
പേർ... അതിൽ കുറച്ച് പേരെ മാത്രം നാം അറിയുന്നു, വാഴ്ത്തുന്നു. കേരളത്തിൽ ഒരു
പോക്കുടൻ, കർണാടകത്തിൽ നൂറ്റിയt©mളം പ്രായമുള്ള തിമ്മക്ക, അങ്ങനെ
ചുരുക്കം ചിലരെ നാം വായനയിൽ കണ്ടെത്തും. എന്നെപ്പോലെ എല്ലാ ജീവജാലങ്ങൾക്കും ഈ
ഭൂമിയിൽ പാർക്കുവാൻ അവകാശം ഉണ്ടന്നും അവരും ഭൂമിയുടെ അവകാശികളാണെന്നും സമർത്ഥിച്ച
ബഷീറിന്‍റെ ചിന്തകൾ എന്ത് കൊണ്ട് നമ്മെ സ്വാധീനിക്കുന്നില്ല......?
(ഭൂമിയുടെ അവകാശികൾ) . വെട്ടിയും പിഴുതും നാം തകർത്ത് കളഞ്ഞ ഹരിത ഭൂമി പുന
സൃഷ്ടിക്കുക എന്നതും ഈ ഭൂമിയോട് നാം പുലർത്തേണ്ട കനിവിന്‍റെ പ്രേഷിത പ്രവർത്തനമാണ്.
മൂന്നമതായി,
കനിവിന്‍റെ പ്രേഷിതരാവുക . പറഞ്ഞ കഥകളിലും
ചെയ്ത പ്രവർത്തികളിലും കനിവിന്‍റെ വിത്ത്
പാകിയാണ് ആ ഗുരു മാതൃകായയത്. അഷ്ട ഭാഗ്യങ്ങൾ പറഞ്ഞ മല മുതൽ യാഗമായി ജീവിതം
അർപ്പിച്ച മല വരെ സൗമ്യതയുടെ രൂപമായി,
കനിവിന്‍റെ പാഠങ്ങൾ ഭൂമിക്ക് പകർന്ന് ആ
നസ്രായേൻ ക്രിസ്തുവായി.
കനിവ്
ഒഴുകുന്ന കഥകളുടെ സ്മരണകൾ പങ്ക് വെച്ച ബാലചന്ദ്രൻ ചുള്ളികാടിന്‍റെ ചിദംബര സ്മരണകളിൽ എഴുതിയിരിക്കുന്നത് വായിച്ചവരാണ്
നമ്മൾ, "ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രക്ഷിക്കാത്ത ഒന്ന് അത്
നിങ്ങൾക്കായി എപ്പോഴും കാത്ത് വയ്ക്കുന്നു.'' ജീവിതം ഒരാളോട് കാട്ടുന്ന കനിവിനെ
അത്ഭുതമെന്ന് വിളിച്ചാൽ തെറ്റ് പറയാൻ പറ്റുമോ? അതെ കരുണ ഒരു വലിയ അത്ഭുതമാണ്.
കണ്ണിന്
പകരം കണ്ണ് എന്നുള്ള നാട്ട് നടപ്പിനെ ഈശോ കാറ്റിൽ പറത്തിയത് കനിവിന്‍റെ സുവിശേഷത്താലാണ്. പത്ത് പതിനേഴ് നൂറ്റാണ്ടായി
നിലനിന്നിരുന്ന ഹമ്മുറബിയുടെ ആ നിയമത്തെ സ്നേഹം കൊണ്ട് കഴുകി ഇല്ലാതാക്കിയപ്പോൾ
പ്രഘോഷിക്കപ്പെട്ടത് കനിവ് തന്നെ. പകരത്തിന് പകരം പോരാടാൻ മാത്രം ബുദ്ധിവികാസമേ
നമുക്ക് ഉള്ളോ? തകഴിയുടെ കൃഷിക്കാരനിലെ കേശവൻ നായരെപ്പോലെ ശത്രു വിന് തിന്മ
വരുത്തിവെച്ചിട്ട് ഒരു നേട്ടവും അയാൾ ആഗ്രഹിക്കുന്നില്ല, അത് പുഞ്ചക്കണ്ടത്തിൽ മട
വെക്കുന്നത് പോലും. ' ഇത്രമേൽ കനിവ് വച്ച് പുലർത്തിയവരും നമ്മുടെ ഇടയിൽ ഉണ്ടോ?
ദൈവത്തിന് സ്തുതി!
ക്രിസ്തു
പറഞ്ഞ രണ്ടാം മൈൽ കനിവിലേക്കുള്ള പാതയാണെന്ന ബോദ്ധ്യത്താലെ, ഹിംസയുടെ പാറക്കല്ലുകൾ
തകർക്കപെടട്ടെ, നമുക്കും ഉത്ഥാനം
സംഭവിക്കട്ടെ... ആമ്മേൻ.
"
നീ സൂര്യവെളിച്ചത്തിൻ സ്രോതസ്സ്
ഞാൻ
മണ്ണിലെ വില്ലോ മരത്തിന്‍റെ നിഴലും
നീയാണെന്നെ
നിറങ്ങളുടെ ഉടുപ്പണിയിക്കുന്നത് "
- റൂമി

No comments:
Post a Comment